മഹുവ മൊയ്ത്ര: രണ്ടാഴ്ച, മൂന്ന് സിറ്റിങ്; പുറത്താക്കൽ ശിപാർശ റെഡി
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ ഉയർന്ന ചോദ്യക്കോഴ പരാതി കൈകാര്യം ചെയ്ത എത്തിക്സ് കമ്മിറ്റിക്ക് അന്യായ സ്പീഡ്. പരാതി കിട്ടി രണ്ടാഴ്ചക്കകം എം.പിയെ പുറത്താക്കണമെന്ന ശിപാർശ തയാർ.
പ്രതിപക്ഷ എം.പിയെ പാർലമെന്റിൽനിന്ന് പുറത്താക്കാൻ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള എം.പിമാരുടെ കമ്മിറ്റി ശിപാർശ നൽകുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപം ഇതിനിടയിൽ ബാക്കി. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ എം.പി പണം വാങ്ങിയോ? മതിയായ തെളിവില്ലെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മൂന്നു സിറ്റിങ്ങുകൾമാത്രം -അത്രയുമായപ്പോൾ പരാതിക്കാരെയും കുറ്റാരോപിതയേയും കേട്ട് 479 പേജുള്ള റിപ്പോർട്ട് തയാർ. സ്പീക്കർ ഓം ബിർലക്കു മുന്നിൽ പരാതി എത്തിയത് ഒക്ടോബർ 15ന്. അദ്ദേഹം എത്തിക്സ് കമ്മിറ്റിക്ക് കത്ത് കൈമാറുന്നു. ഒക്ടോബർ 26ന് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകനും മഹുവയുടെ മുൻപങ്കാളിയുമായ ജയ് ആനന്ദ് ദെഹദ്രായ് എന്നീ പരാതിക്കാരിൽനിന്ന് വാക്കാൽ വിശദീകരണം തേടുന്നു. നവംബർ രണ്ടിന് മഹുവയെ നിർബന്ധിതമായി വിളിച്ചുവരുത്തുന്നു. നവംബർ ഒമ്പതിന് റിപ്പോർട്ട് പാസാക്കി പിരിയുന്നു.
പ്രധാന കഥാപാത്രമായ വ്യവസായി ദർശൻ ഹീരാനന്ദാനിയെ വിളിച്ചുവരുത്തി വിശദീകരണം കേട്ടിട്ടില്ല. അദ്ദേഹം നൽകിയ സത്യവാങ്മൂലം ധാരാളമാണെന്നാണ് കമ്മിറ്റിയിലെ ബി.ജെ.പിക്കാരുടെ വാദം. ചോദ്യമുന്നയിക്കാൻ പണം വാങ്ങിയെന്ന് സത്യവാങ്മൂലം പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിലകൂടിയ ചില പാരിതോഷികങ്ങൾ നൽകി, ചോദ്യം തയാറാക്കി അപ്ലോഡ് ചെയ്യാൻ പാകത്തിൽ ലോക്സഭ വെബ്സൈറ്റിൽ പ്രവേശിക്കാനുള്ള വിവരങ്ങൾ നൽകി എന്നാണ് സത്യവാങ്മൂലത്തിന്റെ കാമ്പ്. ലിപ്സ്റ്റിക് പോലുള്ള സമ്മാനങ്ങൾ സ്വീകരിച്ചത് മഹുവ നിഷേധിച്ചിട്ടില്ല. പണം വാങ്ങിയിട്ടില്ലെന്ന് ആണയിടുകയും ചെയ്യുന്നു.
പുറത്തൊരാൾക്ക്, അതും വ്യവസായിക്ക്, ലോക്സഭ വെബ്സൈറ്റിൽ പ്രവേശിക്കാനുള്ള ലോഗിൻ ഐ.ഡിയും പാസ്വേർഡും നൽകാമോ എന്ന ചോദ്യം ബാക്കി. എന്നാൽ, സാമാജികരിൽ ബഹുഭൂരിപക്ഷവും നേരിട്ടല്ല, സ്റ്റാഫിനെയും മറ്റും ചുമതലപ്പെടുത്തിയാണ് ചോദ്യങ്ങൾ അപ്ലോഡ് ചെയ്യുന്നതെന്ന് എം.പിമാർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
എത്തിക്സ് കമ്മിറ്റി ചെയർമാൻ വനിത എം.പിയോട് ദുഃസൂചനയുള്ളതൂം അധിക്ഷേപകരവുമായ സ്വകാര്യ ജീവിത കാര്യങ്ങൾ തെളിവെടുപ്പിനിടയിൽ ചോദിച്ചുവെന്ന വിഷയം അവഗണിക്കപ്പെട്ടു. ലോക്സഭയിൽ ബി.എസ്.പി എം.പി ഡാനിഷ് അലിയെ ബി.ജെ.പി അംഗം രമേശ് ബിധുരി അധിക്ഷേപിച്ചതിനെതിരായ നിരവധി എം.പിമാരുടെ പരാതി സ്പീക്കർ അവകാശലംഘന കമ്മിറ്റിക്ക് വിട്ടതല്ലാതെ, നടപടിയൊന്നുമായിട്ടില്ല. സഭാസമിതി നടപടികൾ പരസ്യമാക്കരുതെന്ന ചട്ടമുള്ളപ്പോൾ തന്നെ എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോർട്ട് തലേന്നുതന്നെ ചോർന്നു. ഗൗതം അദാനിയുടെ വരുതിയിലായ എൻ.ഡി.ടി.വിയാണ് റിപ്പോർട്ടിന്റെ പകർപ്പുമായി പുറത്താക്കൽ ശിപാർശ സംബന്ധിച്ച വാർത്ത നൽകിയത്. ഇത് ചൂണ്ടിക്കാട്ടി മഹുവ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്.
പുറത്താക്കലിനു പുറമെ മഹുവക്കെതിരെ സി.ബി.ഐ അന്വേഷണമുണ്ടോ? ഉണ്ടെന്നു പറയുന്നതും പരാതിക്കാരനായ ബി.ജെ.പി എം.പി തന്നെ. പുറത്താക്കിയാലും കൂടുതൽ വോട്ടു നേടി അടുത്ത ലോക്സഭയിൽ വരും’ -മഹുവ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.