അഭിപ്രായ പ്രകടനത്തിൽ പാർട്ടി പിന്തുണച്ചില്ല, തൃണമൂലിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത് നിർത്തി മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത് നിർത്തി എം.പി മഹുവ മൊയ്ത്ര. ലീന മണിമേഖലയുടെ കാളി ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിൽ നടത്തിയ പ്രതികരണത്തെ പാർട്ടി തള്ളി പറഞ്ഞതിനെ തുടർന്നാണ് പ്രതികരണം.
ചിത്രത്തിന്‍റെ കാളി ദേവി സിഗരറ്റ് വലിക്കുന്ന പോസ്റ്ററാണ് വിവാദമായത്. തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്നും ഹിന്ദുത്വത്തിൽ നിന്ന് കൊണ്ട് തന്നെ അത്തരത്തിൽ സങ്കൽപിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞിരുന്നു. സസ്യാഹാരിയും വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നതുമായി ദൈവത്തെ ഒരു വ്യക്തിക്ക് സങ്കൽപിക്കാമെന്ന പോലെ മാംസാഹാരിയായി കാളി ദേവിയെ തനിക്കും സങ്കൽപിക്കാമെന്ന് മഹുവ പറഞ്ഞു.
'നിങ്ങളുടെ ദൈവം എങ്ങനെയാണെന്ന് സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ചില സ്ഥലങ്ങളിൽ വിസ്കി ഉൾപ്പടെയുള്ളവ ദൈവങ്ങൾക്ക് അർപ്പിക്കാറുണ്ട്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇത് ദൈവനിന്ദയാണ്'- മൊയ്ത്ര പറഞ്ഞു.
എന്നാൽ മൊയ്ത്രയുടെ പ്രതികരണത്തെ തൃണമൂൽ തള്ളിപ്പറയുകയും മറുപടിക്ക് മഹുവ മാത്രമാണ് ഉത്തരവാദി എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നതാണോ ബംഗാൾ സർക്കാരിന്‍റെ നിലപാട് എന്ന് ചോദ്യം ചെയ്തതിനെ തുടർന്നാണ് തൃണമൂൽ അഭിപ്രായം രേഖപ്പെടുത്തിയത്. മൊയ്ത്രയുടെ പ്രതികരണത്തിന് മമത ബാനർജി ഉത്തരം പറയണമെന്ന് ബി.ജെ.പി നേതാവ് രതീന്ദ്ര ബോസ് ആവശ്യപ്പെട്ടതിനെതിരെ മഹുവ മൊയ്ത്ര രൂക്ഷമായി പ്രതികരിച്ചിരുന്നു. താൻ സിനിമയെയും പോസ്റ്ററിനെയും പിന്തുണച്ചിട്ടില്ലെന്നും പുകവലി എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. "കള്ളം പറഞ്ഞാൽ സംഘികൾ നല്ല ഹിന്ദുക്കളാകില്ലെന്നും" മഹുവ ആഞ്ഞടിച്ചു.
പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് പിന്തുടരുന്നത് മാത്രമാണ് മഹുവ മൊയ്ത്ര നിർത്തിയത്. നേതാക്കളെ പിന്തുടരുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.