പ്രധാന സീറ്റുകൾ ഡി.എം.കെക്ക് നൽകിയെന്ന്; പുതുച്ചേരി കോൺഗ്രസ് ആസ്ഥാനത്ത് രോഷപ്രകടനം
text_fieldsപുതുച്ചേരി: സുപ്രധാന സീറ്റുകളെല്ലാം സഖ്യകക്ഷിയായ ഡി.എം.കെക്ക് അനുവദിച്ചെന്നാരോപിച്ച് പ്രവർത്തകർ ഇളകിയതോടെ പുതുച്ചേരി കോൺഗ്രസ് ആസ്ഥാനത്ത് അതി നാടകീയ രംഗങ്ങൾ. ഹൈകമാൻഡ് നിയോഗിച്ച മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കാൻ ചേർന്ന യോഗത്തിൽ തള്ളിക്കയറ്റവും ഒച്ചപ്പാടുമുണ്ടായതോടെ മുൻ മുഖ്യമന്ത്രി വി. നാരായണ സ്വാമിയുൾപ്പെടെ ഇടപെട്ടാണ് അണികളെ ശാന്തരാക്കിയത്. കോൺഗ്രസ് 15ഉം സഖ്യകക്ഷിയായ ഡി.എം.കെ 13 ഉം സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. മംഗലം, തിരുഭുവനി, മണ്ണാടിപേട്ട് സീറ്റുകൾ ഡി.എം.കെക്ക് നൽകിയതാണ് പ്രവർത്തകരെ കുപിതരാക്കിയത്. ഡി.എം.കെക്ക് കീഴടങ്ങിയെന്നാരോപിച്ച് മംഗലത്തു നിന്നുള്ള ഭാരവാഹികളിലൊരാൾ പാർട്ടി അധ്യക്ഷൻ എ.വി. സുബ്രഹ്മണ്യത്തിെൻറ കൈയിൽ ഡി.എം.കെ പതാക പിടിപ്പിക്കാനും ശ്രമിച്ചു. പൊലീസും കേന്ദ്രസേനയും എത്തി ബഹളക്കാരെ ഒഴിവാക്കിയ ശേഷം പാർട്ടി ആസ്ഥാനത്തെ മറ്റൊരു മുറിയിലാണ് യോഗം തുടർന്നത്.
അതിനിടെ, തമിഴ്നാട്ടിലെ മധുര ജില്ലയിലെ തിരുപ്പറകുൺറം നിയോജക മണ്ഡലം ഡി.എം.കെ എം.എൽ.എ ഡോ. ശരവണൻ ബി.ജെ.പിയിൽ ചേർന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഡി.എം.കെയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. ഞായറാഴ്ച രാവിലെ ബി.ജെ.പിയിൽ ചേർന്ന ശരവണൻ ഉച്ചക്കുശേഷമിറങ്ങിയ ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയത് കൗതുകമായി.
സീറ്റ് വിഭജന തർക്കത്തെ തുടർന്ന് അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യത്തിൽനിന്ന് പുറത്തുവന്ന വിജയ്കാന്തിെൻറ ഡി.എം.ഡി.കെ ഒടുവിൽ ടി.ടി.വി ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം സഖ്യത്തിലെത്തി. അമ്മ മക്കൾ മുന്നേറ്റ കഴകം മുഴുവൻ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡി.എം.ഡി.കെയുമായി സീറ്റ് ധാരണയിലെത്തിയത്. ഇതനുസരിച്ച് ഡി.എം.ഡി.കെക്ക് 60 സീറ്റുകളാണ് നൽകുക. ഇതിനായി അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ 43 സ്ഥാനാർഥികളെ പിൻവലിച്ചു. ഡി.എം.ഡി.കെക്ക് അനുവദിച്ച 60 സീറ്റുകളിൽ 23 എണ്ണം സംവരണ സീറ്റുകളാണ്. തനിച്ച് മൽസരിക്കാനാണ് ഡി.എം.ഡി.കെ ആദ്യം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് നാടകീയമായി ഇരുകക്ഷികളും തമ്മിൽ സീറ്റ് ധാരണയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.