ഛത്തീസ്ഗഡിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി; ഒരുവർഷത്തിനിടെ കൊല്ലപ്പെട്ടത് എട്ട് നേതാക്കൾ
text_fieldsബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ജൻപത് പഞ്ചായത്ത് അംഗവും സഹകരണ വികസന സമിതി കോഓർഡിനേറ്ററുമായ തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ബിജാപൂരിൽ താമസിക്കുന്ന തിരുപ്പതി, 15 കിലോമീറ്റർ അകലെയുള്ള ടോയ്‌നാർ ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി 8 മണിയോടെ മടങ്ങി വരുമ്പോഴാണ് ഏഴോളം പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ടോയ്‌നാർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
ഒരുവർഷത്തിനിടെ കൊല്ലപ്പെടുന്ന എട്ടാമത്തെ ബി.ജെ.പി നേതാവാണിദ്ദേഹം. കഴിഞ്ഞ ഡിസംബറിൽ നാരായൺപൂർ ജില്ലയിൽ ബി.ജെ.പി പ്രവർത്തകനായ കോമൾ മാഞ്ചിയെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു. നവംബറിൽ നാരായൺപൂർ ജില്ല ബിജെപി തിരഞ്ഞെടുപ്പ് കോർഡിനേറ്ററും പാർട്ടി വൈസ് പ്രസിഡന്റുമായ രത്തൻ ദുബെ (50) കൊല്ലപ്പെട്ടു. ഒക്‌ടോബർ 20ന് മൊഹ്‌ല അംബാഗഡ് ചൗക്കി ജില്ലയിൽ ബിർജു തരാമിനെ (53) നവരാത്രി ആഘോഷിക്കാൻ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ചുകൊന്നത്.
ജൂൺ 21 ന് ബീജാപൂരിൽ മുൻ സർപഞ്ചായ കാക്ക അർജുൻ (40) കൊല്ലപ്പെട്ടതും മാവോയിസ്റ്റ് ആക്രമണത്തിലാണെന്നാണ് പൊലീസ് പറയുന്നത്. 2023 ഫെബ്രുവരിയിൽ മാത്രം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 5 ന് ബിജാപൂർ അവപ്പള്ളിയിലെ ബി.ജെ.പി ഡിവിഷൻ നേതാവ് നീലകണ്ഠ് കകേം (48), ഫെബ്രുവരി 10ന് ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് സാഗർ സാഹു (47), ഫെബ്രുവരി 11 ന് ഹിതമേത ഗ്രാമവാസിയായ രാംധർ അലാമി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ സാഗർ സാഹുവിനെ രണ്ടുപേർ വീട്ടിൽകയറി വെടിവെച്ചുകൊല്ലുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.