മജ്ലിസിെൻറ വരവ് ബംഗാളിലും സമവാക്യം മാറ്റും
text_fieldsകൊൽക്കത്ത: ബിഹാർ നിയമസഭയിൽ അഞ്ചു സീറ്റുകൾ സ്വന്തമാക്കിയതിനു പിന്നാലെ പശ്ചിമ ബംഗാൾ നിയമസഭയിലേക്കും മത്സരിക്കാനുള്ള ഓൾ ഇന്ത്യ മജ്ലിസുൽ ഇത്തിഹാദുൽ മുഅ്മിനീെൻറ തീരുമാനം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യത്തിൽ വൻ മാറ്റത്തിന് വഴിയൊരുക്കിയേക്കും.
ഇടതു പാർട്ടികളുടെ തകർച്ചക്കു ശേഷം മുസ്ലിം-ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ സ്വന്തമാക്കി വരുന്ന തൃണമൂൽ കോൺഗ്രസിനാണ് മജ്ലിസിെൻറ വരവ് ക്ഷീണം ചെയ്യുക. കശ്മീർ കഴിഞ്ഞാൽ ഏറ്റവുമധികം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളുള്ള ബംഗാളിലെ 294ൽ നൂറു സീറ്റുകളിലെങ്കിലും മുസ്ലിം വോട്ടുകളാണ് തെരഞ്ഞെടുപ്പ് ഫലത്തിെൻറ ഗതി നിർണയിക്കാറ്. വർഗീയ കാവി സഖ്യങ്ങൾക്കെതിരെ വിശ്വസിക്കാവുന്ന ശക്തി എന്ന പരിഗണനയോടെ തൃണമൂലിന് വോട്ടുചെയ്തിരുന്നവർ ഉവൈസിയുടെ പാർട്ടിക്ക് പിന്തുണ നൽകുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
എന്നാൽ, ലഭിച്ചുവരുന്ന പിന്തുണക്ക് ഇളക്കം തട്ടില്ലെന്നും സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയിൽ ആറു ശതമാനം മാത്രം വരുന്ന ഹിന്ദി-ഉർദു സംസാരിക്കുന്നവർക്കിടയിൽ മാത്രമാണ് ഉവൈസിയുടെ കക്ഷിക്ക് സ്വാധീനമെന്നുമാണ് ടി.എം.സിയുടെ വിലയിരുത്തൽ. സംസ്ഥാനത്തെ 23ൽ 22 ജില്ലകളിലും പാർട്ടി ഘടകങ്ങളായെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കുചേരുമെന്നും മജ്ലിസ് ദേശീയ വക്താവ് ആസിം വഖാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അഞ്ച് മുസ്ലിം ഭൂരിപക്ഷ ജില്ലകളുള്ള ബംഗാളിൽ വേരോട്ടം സൃഷ്ടിക്കാൻ മജ്ലിസ് കുറച്ചു കാലമായി ശ്രമങ്ങൾ നടത്തിവരുകയാണ്. പൗരത്വ സമരത്തിനിടെ ഹൈദരാബാദിൽനിന്നുള്ള ന്യൂനപക്ഷ തീവ്രനിലപാടുകാരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വികസന വിഷയങ്ങളിലെ സംസ്ഥാനത്തെ മുസ്ലിം പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി തൃണമൂലിെന ചോദ്യം ചെയ്താണ് മജ്ലിസിെൻറ വ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.