രാഷ്ട്രീയക്കളി വേണ്ട; രാജീവ് ഗാന്ധിയെ അപമാനിക്കാതെ ധ്യാൻ ചന്ദിനെ ആദരിക്കണം -ശിവസേന
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ േഖൽ രത്നയിൽനിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കിയ തീരുമാനത്തെ എതിർത്ത് ശിവസേന. രാജീവ് ഗാന്ധിയുടെ പേരുമാറ്റാതെ േഹാക്കി ഇതിഹാസം ധ്യാൻ ചന്ദിന്‍റെ പേരിൽ വലിയ മറ്റൊരു അവാർഡ് പ്രഖ്യാപിക്കാമായിരുന്നുവെന്നാണ് ശിവസേനയുടെ പ്രതികരണം.
ശിവസേന മുഖപത്രമായ സാമ്നയിലാണ് പ്രതികരണം. ധ്യാൻ ചന്ദിനെ ആദരിക്കേണ്ടത് രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ വേണമെന്നും വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
'ധ്യാൻ ചന്ദിന്‍റെ പേരിൽ വലിയൊരു അവാർഡ് പ്രഖ്യാപിക്കണമായിരുന്നു. എങ്കിൽ കേന്ദ്രസർക്കാറിനെ അഭിനന്ദിക്കുമായിരുന്നു' -എഡിറ്റോറിയലിൽ പറയുന്നു.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം പരിഹാസത്തിന് പാത്രമാകാൻ പാടില്ല. ഇന്ദിരാഗാന്ധിയെ ഭീകരർ കൊലപ്പെടുത്തി. ഭീകരരുടെ ആക്രമണത്തിൽ രാജീവ് ഗാന്ധിക്കും ജീവൻ നഷ്ടമായി. രാഷ്ട്രീയത്തിന്റെ പേരിൽ വ്യാത്യാസമുണ്ടാകും. എന്നാൽ, രാജ്യത്തിന്‍റെ വികസനത്തിന് േവണ്ടിയുള്ള ത്യാഗം ഒരു പരിഹാസപാത്രമാകാൻ പാടില്ല' -ശിവസേന പറയുന്നു.
രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡെന്ന് പുനർനാമകരണം ചെയ്യുന്നത് പൊതുവികാരം മാനിച്ചല്ല, അത് രാഷ്ട്രീയ ലക്ഷ്യമാണ്. രാജീവ് ഗാന്ധിയെ അപമാനിക്കാതെ മേജൻ ധ്യാൻ ചന്ദിനെ ആദരിക്കണം. രാജ്യത്തിന്‍റെ സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെട്ടു. ഇന്ന് ധ്യാൻ ചന്ദിനും അങ്ങനെ തോന്നിക്കാണും -ശിവസേന കുറിച്ചു.
ഗുജറാത്തിലെ സർദാർ പേട്ടൽ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയതിനെതിരെയും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെതിരെ വിമർശനവുമായി ശിവസേന രംഗത്തെത്തി. 'ഇപ്പോൾ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നവർ ചോദിക്കുന്ന ചോദ്യം രാജീവ് ഗാന്ധി ഹോക്കി സ്റ്റിക്ക് കൈകൊണ്ട് തൊട്ടിട്ടുണ്ടോ എന്നായിരുന്നു? ഈ ചോദ്യം ന്യായമാണ്. എന്നാൽ അഹമദാബാദിലെ സർദാർ പേട്ടൽ സ്റ്റേഡിയം നരേന്ദ്രമോദിയുടെ പേരിലാക്കുന്നത് ക്രിക്കറ്റിൽ അേദ്ദഹം എന്തെങ്കിലും സംഭാവന നൽകിയിട്ടാണോ? അല്ലെങ്കിൽ ഡൽഹി സ്റ്റേഡിയത്തിന് അരുൺ ജെയ്റ്റിലിയുടെ പേരിട്ടു. എന്നാൽ അത് ഇവിടെയും ബാധകമാണോ? ജനങ്ങൾ ഈ ചോദ്യം ചോദിച്ചുതുടങ്ങി' -ശിവസേന പറയുന്നു.
കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ രാജീവ് ഗാന്ധിയുടെ പേരുമാറ്റി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും ശിവസേന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.