ഒഡിഷയിലെ ആശുപത്രിയില്‍ തീപിടിത്തം; 19 മരണം
text_fieldsഭുവനേശ്വര്‍ (ഒഡിഷ): ഭുവനേശ്വറിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 19 പേര്‍ ദാരുണമായി മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്.യു.എം ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡിലും ഐ.സി.യുവിലുമാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിലേറെയും ഐ.സി.യുവിലുണ്ടായിരുന്നവരാണെന്ന് സംശയിക്കുന്നു. പൊള്ളലേറ്റ ഒമ്പത് രോഗികളടക്കം 40 പേരെ നഗരത്തിലെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും രോഗികളും ജീവനക്കാരും അടക്കം നിരവധിപേര്‍ക്ക് പരിക്കുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് ബന്ധുക്കള്‍ പുറത്തേക്കോടി. വാര്‍ഡുകളുടെ ജനാലകളും മറ്റും തകര്‍ത്തും താഴത്തെ നിലയിലേക്ക് ചാടിയുമാണ് പലരും രക്ഷപ്പെട്ടത്. 500ലേറെ രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. തീപിടിത്തമുണ്ടായതോടെ ആശുപത്രി വാര്‍ഡുകളിലാകെ ജീവനക്കാരും രോഗികളും ബന്ധുക്കളും പരക്കംപാഞ്ഞു. കൂട്ട നിലവിളിയുയര്‍ന്നു. ഇന്‍റന്‍സീവ് കെയറിലേക്ക് തീ പടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി.
ആശുപത്രിയുടെ രണ്ടാംനിലയിലെ ഡയാലിസിന് വാര്‍ഡിലാണ് തിങ്കളാഴ്ച രാത്രി എട്ടിന് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. അതിവേഗം ഇത് മറ്റ് വാര്‍ഡുകളിലേക്ക് പടരുകയായിരുന്നു. ഐ.സി.യുവിലേക്ക് തീ പടര്‍ന്നതിനാല്‍ രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ തടസ്സം നേരിട്ടു. ഡയാലിസിസ് വാര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നൂറിലേറെ അഗ്നിശമനസേനാ ജീവനക്കാരുടെ രക്ഷാപ്രവര്‍ത്തനത്തെതുടര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
#WATCH: Fire broke out in ICU ward of Institute of Medical Sciences & Sum Hospital, Bhubaneswar.5 fire tenders at the spot. Fire fighting on pic.twitter.com/3iCMVSsQQz
— ANI (@ANI_news) October 17, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.