ദെപ്സാങ് സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഇന്ത്യ-ചൈന മേജർ ജനറൽതല ചർച്ച
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന യഥാർഥ നിയന്ത്രണ രേഖയിലെ ദെപ്സാങ് സമതലവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഇരുരാജ്യങ്ങളും മേജർ തലത്തിൽ കൂടിക്കാഴ്ച നടത്തും. ദൗലത് ബാഗ് ഓൾഡി-ടിയാൻവെൻഡിയൻ ബോർഡർ മീറ്റിങ് പോയിന്‍റിൽ വെച്ചാകും കൂടിക്കാഴ്ചയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മേജർ ജനറൽ അഭിജിത് ബപാത് ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടിക്കാഴ്ച നടക്കും.
ദെപ്സാങ് സമതലത്തിലെ സംഘർഷാവസ്ഥ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇവിടെ ഇരുവശത്തും വലിയ തോതിലുള്ള സേനാ വിന്യാസം നടക്കുകയാണ്. 15,000ലേറെ ചൈനീസ് സൈനികർ ദെപ്സാങ്ങിന് എതിർവശത്തായി അണിനിരന്നതായാണ് വിവരം. ഇന്ത്യയും സൈനികരെ തയാറാക്കി നിർത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങൾക്കും തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള, 16000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, ദെപ്സാങ് സമതലത്തിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചാകും പ്രധാന ചർച്ച. മേഖലയിൽ ഇന്ത്യൻ സൈന്യത്തിന് പട്രോളിങ് നടത്താനുള്ള അവകാശം പുനസ്ഥാപിക്കുന്നതും ചർച്ചയിൽ ഉന്നയിക്കും. കഴിഞ്ഞ മാസങ്ങളിൽ പട്രോളിങ് ചൈനീസ് സൈന്യം തടഞ്ഞിരിക്കുകയാണ്.
ഗൽവാൻ താഴ്വരയിലേയും പാങ്ഗോങ്ങിലെയും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനിടെയാണ് ദെപ്സാങ് സമതലത്തിൽ ചൈന കടന്നുകയറിയത്. ദൗലത്ത് ബാഗ് ഓള്‍ഡിയിലെ എയര്‍ സ്ട്രിപ്പിന് 30 കിലോമീറ്റര്‍ തെക്ക്-കിഴക്കായിട്ടാണ് ചൈനീസ് സൈന്യം കയ്യേറ്റം നടത്തുകയും ധാരാളം സൈനികരെ വിന്യസിക്കുകയും ചെയ്തത്.
2013 ഏപ്രിലില്‍ ചൈനീസ് സൈന്യം ഇവിടം കയ്യേറിയിരുന്നു. ഇരുവശത്തേയും സൈനികര്‍ മുഖാമുഖം മൂന്നാഴ്ചയോളം നില്‍ക്കുകയും നയതന്ത്രതലത്തിലെ ചര്‍ച്ചകളെ തുടര്‍ന്ന് പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു.
ദെപ്സാങ് സമതലത്തിൽ കടന്നുകയറ്റം നടത്താൻ ചൈന ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2017ൽ 75 തവണയും 2018ൽ 83 തവണയും 2019ൽ 157 തവണയും ചൈന അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.