അതിവേഗത്തിലെത്തിയ ട്രക്ക് നിർത്തിയിട്ട ബസ് ഇടിച്ചുതെറിപ്പിച്ചു; റോഡിൽ ഉറങ്ങിയ 18 പേർക്ക് ദാരുണാന്ത്യം
text_fieldsലഖ്നോ: രാത്രി നിർത്തിയിട്ട ഇരുനില ബസിനു മുന്നിൽ ഉറങ്ങിയ 18 തൊഴിലാളികൾക്കു മേൽ ചക്രങ്ങൾ കയറിയിറങ്ങി ദാരുണാന്ത്യം. അമിത വേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട ട്രക്ക്, ബസ് ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്നാണ് അടിയിൽപെട്ട് കൂട്ട മരണം സംഭവിച്ചത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിൽനിന്ന് 28 കിലോമീറ്റർ അകലെ ബാരബങ്കിയിലാണ് സംഭവം. 19 തൊഴിലാളികൾക്ക് പരിക്കേറ്റു.
ഹരിയാനയിൽനിന്ന് മടങ്ങുകയായിരുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികൾ സഞ്ചരിച്ച ബസ് രാത്രിയിൽ വഴിയിൽ നിന്നുപോകുകയായിരുന്നു. ഇതേ തുടർന്ന് നിർത്തിയിട്ട ബസിനുമുന്നിലായി റോഡരികിൽ ഇവർ കിടന്നുറങ്ങി. പുലർച്ചെ 1.30ഓടെ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നിൽനിന്ന് ഇടിച്ചുകയറി മുന്നോട്ടുനീങ്ങിയ ബസിനടിയിൽപെട്ടായിരുന്നു തൊഴിലാളികളുടെ മരണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് അതിഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബസിനടിയിൽകുടുങ്ങിയവരെ ഏറെ വൈകിയാണ് പുറത്തെടുത്തത്.
ബിഹാറിലെ സീതാമഢി, സഹർസ മേഖലകളിൽനിന്നുള്ളവരായിരുന്നു തൊഴിലാളികൾ. ബസിന്‍റെ ആക്സിൽ ഷാഫ്റ്റ് പൊട്ടിയതിനെ തുടർന്നാണ് രാത്രി നിന്നുപോയത്. യാത്രക്കാർ ഇറങ്ങി ബസിനു മുന്നിലായി ഉറങ്ങാൻ കിടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.