‘മേക്ക് ഇൻ ഇന്ത്യ’ ‘ഫേക്ക് ഇൻ ഇന്ത്യ’യായി; കണക്കുകൾ നിരത്തി പരിഹസിച്ച് ജയറാം രമേശ്
text_fieldsന്യൂഡൽഹി: ‘മേക്ക് ഇൻ ഇന്ത്യ’ ആരംഭിക്കുന്ന സമയത്ത് മോദി സർക്കാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ‘ജുംലകൾ’ ( വ്യാജ ഉറപ്പുകൾ) ആയിപ്പോയെന്നും ‘മേക്ക് ഇൻ ഇന്ത്യ’ എന്നത് ‘ഫേക്ക് ഇൻ ഇന്ത്യ’ ആയി മാറിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ‘എക്സി’ൽ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2014ൽ ബയോളജിക്കൽ അല്ലാത്ത പ്രധാനമന്ത്രി ‘മേക്ക് ഇൻ ഇന്ത്യ’ തന്റെ പതിവ് ആവേശത്തോടെയും ബഹളത്തോടെയും പ്രഖ്യാപിച്ചപ്പോൾ നാല് ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. പത്തു വർഷത്തിനു ശേഷം അതിന്റെ ഒരു ദ്രുത സ്റ്റാറ്റസ് പരിശോധന നടത്തുകയാണ്.
ജുംല 1: ഇന്ത്യൻ വ്യവസായത്തിന്റെ വളർച്ചാ നിരക്ക് പ്രതിവർഷം 12-14ശതമാനത്തിലേക്ക് ഉയർത്തും. യാഥാർഥ്യം: 2014 മുതൽ വാർഷിക ഉൽപാദന വളർച്ചാ നിരക്ക് 5.2 ശതമാനത്തോളമായി കുറഞ്ഞു.
ജുംല രണ്ട്: 2022ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. യാഥാർഥ്യം: നിർമാണത്തൊഴിലാളികളുടെ എണ്ണം 2017ലെ 51.3 ദശലക്ഷത്തിൽനിന്ന് 2022-23ൽ 35.65 ദശലക്ഷമായി കുറഞ്ഞു.
ജുംല മൂന്ന്: 2022ഓടെ ഉൽപാദന മേഖലയുടെ വിഹിതം ജി.ഡി.പിയുടെ 25ശതമാനം ആയി വർധിപ്പിക്കും. യാഥാർഥ്യം: ഇന്ത്യയുടെ മൊത്ത വർധിത മൂല്യത്തിന്റെ ഉൽപാദന വിഹിതം 2011-12 ൽ 18.1ശതമാനം ആയിരുന്നത് 2022-23 ൽ 14.3ശതമാനം ആയി കുറഞ്ഞു.
ജുംല നാല്: മൂല്യ ശൃംഖല ഉയർത്തി ചൈനയിൽനിന്നും ‘ലോകത്തിന്റെ പുതിയ ഫാക്ടറി’ ആക്കി ഇന്ത്യയെ മാറ്റും. യാഥാർഥ്യം: ചൈനയിൽനിന്ന് ആ സ്ഥാനം ഏറ്റെടുക്കുന്നതിനു പകരം ചൈനയെ സാമ്പത്തികമായി കൂടുതൽ ആശ്രയിക്കുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ പങ്ക് ഉയർന്നു. 2014ൽ 11ശതമാനം ആയിരുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ 15ശതമാനം ആയി -കോൺഗ്രസ് നേതാവ് പോസ്റ്റിൽ വ്യക്തമാക്കി.
സുസ്ഥിരവും പ്രവചിക്കാവുന്നതും വിവേകപൂർണവുമായതിൽനിന്ന് വളരെ അകലെയാണ് കഴിഞ്ഞ ഒരു ദശകമായി രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണം. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം സ്വകാര്യ നിക്ഷേപത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയെന്നും രമേശ് പറഞ്ഞു. ‘മോദിയുമായി അടുപ്പമുള്ള ഒന്നോ രണ്ടോ വൻകിട ബിസിനസ് കമ്പനികൾ മാത്രം അഭിവൃദ്ധി പ്രാപിച്ചതിനാൽ മത്സരം തടസ്സപ്പെട്ടു. ‘മേക്ക് ഇൻ ഇന്ത്യ’ ഇന്ത്യയിൽ വ്യാജമായി മാറിയിരിക്കുന്നു- രമേശ് കുറ്റപ്പെടുത്തി.
ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള തന്റെ സർക്കാറിന്റെ മുൻനിര ‘സംരംഭം’ ഒരു സ്വപ്നത്തെ ഉറച്ച യാഥാർഥ്യമാക്കി മാറ്റിയെന്നും അതിന്റെ സ്വാധീനം ‘ഭാരതത്തെ ഇനി തടയാനാവില്ല’ എന്ന് കാണിക്കുന്നുവെന്നും കഴിഞ്ഞ മാസം നടന്ന ‘മേക്ക് ഇൻ ഇന്ത്യ’ ഡ്രൈവിന്റെ പത്താം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ഉൽപാദനത്തിന്റെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുള്ള 140കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തെയാണ് ഈ പരിപാടി വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് കോൺഗ്രസ് നേതാവിന്റെ കണക്കുകൾ നിരത്തിയുള്ള പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.