'ഇസ്ലാമിക രാഷ്ട്രങ്ങളെ ഇന്ത്യക്കെതിരെ ഇളക്കിവിട്ടവരെ കണ്ടെത്തി രാജ്യദ്രോഹം ചുമത്തണം'; ആഹ്വാനവുമായി കേന്ദ്ര വിവരാവകാശ കമീഷണർ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കൾ പ്രവാചക നിന്ദ നടത്തിയ സംഭവത്തിൽ ലോകവ്യാപക പ്രതിഷേധമുയർന്നിരിക്കേ, വിവാദ ആഹ്വാനവുമായി കേന്ദ്ര വിവരാവകാശ കമീഷണർ ഉദയ് മഹൂർകർ. ഇസ്ലാമിക രാഷ്ട്രങ്ങളെ ഇന്ത്യക്കെതിരെ ഇളക്കിവിട്ടവരെ കണ്ടെത്തി രാജ്യദ്രോഹം ചുമത്താനുള്ള ആഹ്വാനമാണ് ഉദയ് മഹൂർകർ നൽകിയിരിക്കുന്നത്. ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും മഹൂർകർ പറയുന്നു.
'പ്രവാചകന്‍റെ പേരിലുള്ള വിവാദത്തിൽ രാജ്യം നടപടികളെടുത്തിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളെ ഇന്ത്യക്കെതിരെ ഇളക്കിവിട്ട ഇന്ത്യൻ പൗരന്മാരുടെ പട്ടികയുണ്ടാക്കി അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ് ഇനി വേണ്ടത്. അവരുടേത് ദേശവിരുദ്ധ പ്രവർത്തനമാണ്. അവരുടെ സ്വത്തുക്കൾ പോലും കണ്ടുകെട്ടാവുന്നതാണ്' -ഉദയ് മഹൂർകർ ട്വീറ്റ് ചെയ്തു.
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ വധഭീഷണികൾ ഉൾപ്പെടെ വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമീഷണറുടെ വിവാദ ട്വീറ്റ്. 30 വർഷത്തിലേറെ ഇന്ത്യ ടുഡേയിൽ മാധ്യമപ്രവർത്തകനായിരുന്നയാളാണ് മഹൂർകർ. 2020ലാണ് ഇദ്ദേഹം വിവരാവകാശ കമീഷണറായി ചുമതലയേൽക്കുന്നത്.
ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ ചാനൽ ചർച്ചക്കിടെ നടത്തിയ പ്രവാചക നിന്ദ പരാമർശം കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയിരുന്നു. സംഭവം വിവാദമായതോടെ നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് തലയൂരാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും വിവാദം ആഗോള ശ്രദ്ധ നേടി. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയതോടെ കേന്ദ്രം തീർത്തും പ്രതിരോധത്തിലായിരുന്നു.
പ്രവാചകനിന്ദ വിഷയം അന്തർദേശീയ തലത്തിൽ എത്തിച്ച മാധ്യമപ്രവർത്തകരായ റാണ അയ്യൂബിനും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനുമാണ് വ്യാപക വധഭീഷണികൾ വന്നത്. ഇരുവർക്കും ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് വധഭീഷണി ലഭിക്കുന്നത്. ലൈംഗികമായി അധിക്ഷേപിക്കുന്ന നിരവധി കമന്റുകളും ബലാത്സംഗ ഭീഷണിയും റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ടുകളിൽ നിറയുന്നുണ്ട്.
10 ദിവസം മുമ്പ് ടൈംസ് നൗ ചാനലിലൂടെ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദയുടെ വിഡിയോ ലിങ്ക് മുഹമ്മദ് സുബൈർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. നിരവധി പേർ ഇത് പങ്കുവെക്കുകയും വിമർശനം ഉയരുകയും ചെയ്തതോടെ വിഡിയോ ടൈംസ് നൗ ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെ, ടി.വി ചർച്ച മൊബൈലിൽ റെക്കോഡ് ചെയ്ത വിഡിയോ റാണ അയ്യൂബ് ട്വിറ്ററിൽ പങ്കുവെച്ചു. ഇതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. റാണയുടെയും സുബൈറിന്റെയും ട്വിറ്റർ വിഡിയോകൾ അന്തർദേശീയ തലത്തിലെ പല പ്രമുഖരും പങ്കുവെക്കുകയുണ്ടായി.
നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയയാളാണ് വിവരാവകാശ കമീഷണർ ഉദയ് മഹൂർകർ. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തിനും മുകളിലുള്ളയാളാണ് ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറെന്ന ഉദയ് മഹൂർകറുടെ പ്രസ്താവന വിവാദമായിരുന്നു. സവർക്കർ യുഗത്തിന് രാജ്യത്ത് തുടക്കംകുറിച്ചുകഴിഞ്ഞുവെന്നാണ് കഴിഞ്ഞ നവംബറിൽ ഇൻഡോർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഉദയ് മഹൂർകർ പറഞ്ഞത്.
'ഭാരതരത്നത്തിനു മുകളിലാണ് സവർക്കറുടെ ഔന്നത്യമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചാൽ നല്ലതുതന്നെയാണ്. എന്നാൽ, അദ്ദേഹത്തിന് ആ പുരസ്‌കാരം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഔന്നത്യത്തിന് ഒന്നും സംഭവിക്കില്ല. കാരണം, സവർക്കർ യുഗം ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്' -മഹൂർക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.