വിളകൾക്ക് താങ്ങുവില, അജയ് മിശ്രക്കെതിരെ അന്വേഷണം -വിവിധ ആവശ്യങ്ങളുന്നയിച്ച് മോദിക്ക് വരുൺ ഗാന്ധിയുടെ കത്ത്
text_fieldsന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി. കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ 700 കർഷകരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വരുൺ ഗാന്ധി മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വിളകൾക്ക് അടിസ്ഥാന താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 'രാജ്യത്ത് 85 ശതമാനത്തിലധികം ചെറുകിട നാമമാത്ര കർഷകരുണ്ട്. ഇൗ കർഷകരുടെ ക്ഷേമത്തിനായി അവരുടെ വിളകൾക്ക് ആദായകരമായ വിള ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം' -ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ കർഷകക്കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് വരുൺ ഗാന്ധിയുടെ അടുത്ത ആവശ്യം. ലഖിംപൂരിൽ നടന്ന അക്രമത്തിൽ നാലു കർഷകർക്ക് ജീവൻ നഷ്ടമായി. ഇത് ഹൃദയഭേദകവും ജനാധിപത്യത്തിന് കളങ്കവുമാണ്. സംഭവവുമായി ബന്ധപ്പെട്ട അജയ് മിശ്രക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും കർശന നടപടി സ്വീകരിക്കുകയും വേണം -വരുൺ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നും വരുൺഗാന്ധി ആവശ്യപ്പെട്ടു.
കർഷക പ്രക്ഷോഭവും ലഖിംപൂർ ഖേരി കർഷകക്കൊലയുമായി ബന്ധപ്പെട്ടും കേന്ദ്രത്തിനെയും ബി.ജെ.പിയെയും വിമർശിച്ച് രംഗത്തെത്തിയ വ്യക്തിയാണ് വരുൺ ഗാന്ധി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.