ഡൽഹി വീണ്ടും മലയാളം പറയുന്നു
text_fields28 വർഷങ്ങൾക്കുശേഷം ഡൽഹി സര്വകലാശാലയിലേക്ക് മലയാളത്തെളിമ കടന്നുവന്നിരിക്കുന്നു
സ്വന്തം നാടിനെയും ഭാഷയെയും മറവിയിലേക്ക് പുറന്തള്ളി മറ്റു ഭാഷകളെ നെഞ്ചേറ്റുന്നതിൽ അഭിമാനിക്കുന്ന ഒരു ജനതയാണ് നമ്മുടേതെന്ന് പലരും പറയാറുണ്ട്. പക്ഷേ, മലയാളത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ് ആ ഭാഷയെ വീണ്ടും നെഞ്ചേറ്റിയിരിക്കുകയാണ് ഡൽഹി സർവകലാശാല. 28 വർഷങ്ങൾക്കുശേഷം ഡൽഹി സര്വകലാശാലയിലേക്ക് മലയാളത്തെളിമ കടന്നുവന്നിരിക്കുന്നു. സാഹിത്യവും സംസ്കാരവും കലയുമൊക്കെയായി തെളിമലയാളം പഠിക്കാൻ മലയാളികൾക്ക് പുറമെ നിരവധി വിദ്യാർഥികളാണ് സർവകലാശാലയിലേക്ക് എത്തുന്നത്.
വീണ്ടും ഉണർവിലേക്ക്
1994ൽ ഡോ. അകവൂർ നാരായണൻ വിരമിച്ചതിനു ശേഷം അധ്യാപക നിയമനം നടക്കാത്തതുമൂലം ഡൽഹി സർവകലാശാലയിലെ മലയാളം ഡിപ്പാർട്മെന്റിന്റെ പ്രവർത്തങ്ങൾ നിലക്കുകയായിരുന്നു. ഓരോ അഞ്ചു വർഷം കൂടുമ്പോഴും അപേക്ഷ ക്ഷണിക്കാറുണ്ടെങ്കിലും നിയമനങ്ങൾ നടക്കാറില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2021ൽ അപേക്ഷ ക്ഷണിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ വർഷങ്ങൾക്കുശേഷം നിയമനം നടന്നത്. കണ്ണൂർ സ്വദേശി ഡോ. ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി.
1961ൽ പ്രവർത്തനമാരംഭിച്ച മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് ആൻഡ് ലിറ്റററി സ്റ്റഡീസ് എന്ന ഡിപ്പാർട്മെന്റിന്റെ കീഴിൽ മലയാളം ഉൾപ്പെടെ 11ലധികം പ്രാദേശിക ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ഈ അടുത്ത് ആരംഭിച്ച എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സിന്റെ ഭാഗമായി ബിരുദവിദ്യാർഥികൾ പ്രാദേശിക ഭാഷ പഠിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി സർവകലാശാലയിലെ മുഴുവൻ കുട്ടികൾക്കും ഏതെങ്കിലും ഭാഷ തിരഞ്ഞെടുത്ത് പഠിക്കാം. അധ്യാപകരില്ലാത്തതിനാൽ ഇതുവരെ മലയാളം പഠിക്കാനുള്ള അവസരമില്ലായിരുന്നു. എന്നാൽ, ഇപ്പോൾ മലയാളം വിഭാഗം വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ 150ഓളം കുട്ടികൾ ആദ്യ സെമസ്റ്ററിനും നൂറിലധികം കുട്ടികൾ രണ്ടാം സെമസ്റ്ററിലുമായി പ്രവേശനം നേടിയതിന്റെ സന്തോഷത്തിലാണ് ഡോ. ശിവപ്രസാദ്.
മലയാളം പഠിക്കാൻ ഇതരസംസ്ഥാനക്കാരും
മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികളാണ് സർവകലാശാലയിലേക്ക് എത്തുന്നത്. നോർത്ത് കാമ്പസിൽ ഓഫ്ലൈനായും മറ്റു കാമ്പസുകളിൽ ഓൺലൈനായുമാണ് ക്ലാസുകൾ നടക്കുന്നത്. ഇതിൽതന്നെ ബേസിക് ആൻഡ് അഡ്വാൻസ്ഡ് കോഴ്സുകളുണ്ട്. മലയാളം ഇതുവരെ പഠിക്കാത്ത, പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ളതാണ് ബേസിക് കോഴ്സുകൾ.
വീണ്ടും മലയാളം ഡിപ്പാർട്മെന്റ് സജീവമാകുമ്പോൾ ഏറ്റവും ആകർഷകമാകുന്നതും ഇതുതന്നെയാണ്. മിസോറം, ബിഹാർ, നാഗാലാൻഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികൾ മലയാളം പഠിക്കാനുള്ള താൽപര്യത്തോടെ പ്രവേശനം നേടിയിട്ടുണ്ട്.
അവഗണനയിൽനിന്ന് ഉയർച്ചയിലേക്ക്
കന്നടയും മറാത്തിയുമുൾപ്പെടെയുള്ള ഭാഷാപഠനം മുടങ്ങിക്കിടന്നിരുന്നെങ്കിലും മലയാളത്തിനുണ്ടായ പോലൊരു ഇടവേള മറ്റൊരു വകുപ്പിനും ഉണ്ടായിട്ടില്ല. വകുപ്പ് പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല. 28 വർഷം മലയാള ഭാഷ തഴയപ്പെട്ടതിൽ സർവകലാശാല അധികൃതർ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വരെ ഉത്തരവാദികളാണെന്ന ആക്ഷേപം ശക്തമായിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന പ്രാദേശിക ഭാഷകളുടെ ഉന്നമനം എന്ന ആശയത്തിന്റെ ഭാഗമായാണ് ഇപ്പോൾ മലയാളമടക്കമുള്ള ഭാഷ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്. മലയാളികൾക്കുപോലും മലയാളം എഴുതാനും വായിക്കാനും പറ്റാത്ത സ്ഥിതി ഡൽഹിയിലുണ്ട്. അങ്ങനെയുള്ളവർക്ക് മലയാളം പഠിക്കാനുള്ള ഒരു അവസരംകൂടിയാണ് ഇതോടെ സാധ്യമാകുന്നത്.
പ്രതീക്ഷകൾ നിരവധി
വർഷങ്ങൾക്കിപ്പുറം മലയാളം, സർവകലാശാലയിലേക്ക് തിരിച്ചെത്തിയത്തിന്റെ സന്തോഷത്തിലാണ് ഡോ. ശിവപ്രസാദും വിദ്യാർഥികളും. നിലവിൽ മോഡേൺ ഇന്ത്യൻ ലാംഗ്വേജസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളത്തിന് പി.ജി കോഴ്സുകൾകൂടി അനുവദിക്കുകയാണെങ്കിൽ സ്വതന്ത്രമായി സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കാമെന്ന് ഡോ. ശിവപ്രസാദ് പറയുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മാത്രം വെച്ചുകൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ല. പി.ജി കോഴ്സുകൾ തുടങ്ങുകയാണെങ്കിൽ കൂടുതൽ അധ്യാപകരും വിദ്യാർഥികളുമായി മലയാളത്തെ സജീവമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.