യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ സഹായം തേടുന്നു
text_fieldsയുക്രെയ്നിൽ റഷ്യൻ സൈന്യം ആക്രമണം തുടരുന്നതിനിടെ ബലറൂസ് അതിർത്തിയിലെ കർക്കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ കേന്ദ്ര സർക്കാറിന്‍റെ സഹായം തേടുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള സംവിധാനം ഒരുക്കണമെന്ന് വിഡിയോ സന്ദേശത്തിൽ വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
ഇരുപതിനായിരത്തോളം വിദ്യാർഥികൾ ഉള്ളതിനാൽ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാകുമെന്ന് കരുതുന്നില്ല. എല്ലാ വിവരങ്ങളും കൃത്യമായി കൈമാറാനുള്ള സംവിധാനം ആവശ്യമാണ്. യൂനിവേഴ്സിറ്റിയിൽ അഡ്മിഷൻ തരപ്പെടുത്തിയ ഏജൻസികളിൽ നിന്നും കാര്യങ്ങൾ കൈവിട്ടുപോയെന്നും അവർ പറയുന്നു.
കോളജ് ഹോസ്റ്റൽ മെസ്സിന്‍റെ ഭൂഗർഭ അറയിലാണ് കഴിയുന്നതെന്നും കൈവശമുള്ള ഭക്ഷണ സാധനങ്ങൾ തീർന്നുവരികയാണെന്നും വിദ്യാർഥികൾ വ്യക്തമാക്കി. യുക്രെയ്നിൽ നിന്നും യാതൊരു സഹായം ലഭിക്കാത്ത സ്ഥിതിയാണ്. ഇന്ത്യയിൽ നിന്നുള്ള സഹായത്തിനാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇന്ത്യൻ എംബസി എത്തിക്കുമെന്നാണ് പ്രതീക്ഷ.
ഫെബ്രുവരി 25 വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുമെന്നാണ് യൂനിവേഴ്സിറ്റി നേരത്തെ അറിയിച്ചിരുന്നത്. ആദ്യ വർഷ വിദ്യാർഥികൾക്ക് ഇതുവരെ റെസിഡൻസി കാർഡ് ലഭിച്ചിട്ടില്ല. കാർഡ് കിട്ടിയാൽ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഭൂഗർഭ അറയിൽ കഴിയുമ്പോൾ പരിസര പ്രദേശങ്ങളിൽ നിന്ന് സ്ഫോടനത്തിന്‍റെ ശബ്ദം കേൾക്കാമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.