വിദ്യാർഥിനിയുടെ മരണം: മലയാളി കന്യാസ്ത്രീ ഛത്തീസ്ഗഡിൽ അറസ്റ്റിൽ; യുവമോർച്ച പ്രതിഷേധത്തെ തുടർന്ന് സ്കൂൾ പൂട്ടിച്ചു
text_fieldsഅംബികപുർ (ഛത്തീസ്ഗഡ്): ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ. സംഭവം യുവമോർച്ചയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകൾ ഏറ്റെടുക്കുകയും സ്കൂൾ പൂട്ടിക്കുകയും ചെയ്തു.
അംബികപുർ കാർമൽ സ്കൂളിലെ വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മലയാളി കന്യാസ്ത്രീ മേഴ്സി യാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. 10 വർഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കന്യാസ്ത്രീയെയും പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ കനത്ത പ്രതിഷേധം നടന്നിരുന്നു.
എന്നാൽ, കന്യാസ്ത്രീക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് അംബികാപൂർ രൂപത വിദ്യാഭ്യാസ ഡയറക്ടർ ഫാ. ലൂസിയൻ കുഴൂർ പറഞ്ഞു. മരണത്തിൽ സിസ്റ്ററിന് യാതൊരു പങ്കുമില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച ക്ലാസിൽ കയറാതെ നാലുകുട്ടികൾ ടോയ്ലറ്റിൽ കയറിയതായി മറ്റൊരു വിദ്യാർഥിനി സിസ്റ്റർ മേഴ്സിയെ അറിയിച്ചു. തുടർന്ന് സിസ്റ്റർ ടോയ്ലറ്റിനു പുറത്ത് കാത്തുനിൽക്കുകയും ഇവർ ഇറങ്ങിവന്നപ്പോൾ ചോദ്യം ചെയ്യുകയും ചെയ്തു. ഐഡി കാർഡ് വാങ്ങിയ സിസ്റ്റർ അവരോട് അടുത്തദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കുട്ടികളിലൊരാൾ വീട്ടിലെത്തി ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു.
“സ്‌കൂളിൽ 8000-ത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പ്രതിഷേധത്തെ തുടർന്ന് സ്‌കൂൾ അടച്ചിരിക്കുകയാണ്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വിദ്യാലയം ഉടൻ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ -ഫാ. കുഴൂർ യു.സി.എ ന്യൂസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.