ആ കുടുംബത്തിൽ ഇന്നലെ നടന്നത് പത്തു ദിവസത്തിനിടയിലെ മൂന്നാമത്തെ ശവസംസ്കാരം...
text_fieldsഇന്ദോർ (മധ്യപ്രദേശ്): ഇേന്ദാറിലെ പാസ്റ്റർ എ.ജെ. സാമുവലിന്‍റെ കുടുംബത്തിൽ ഞായറാഴ്ച നടന്നത് പത്തു ദിവസത്തിനിടെ മൂന്നാമത് ശവസംസ്കാരമായിരുന്നു. കോവിഡ്-19 ബാധിച്ച് ആ മലയാളി കുടുംബത്തിലെ മൂന്നുപേരാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജീവിതത്തോട് വിടപറഞ്ഞത്. പാസ്റ്റർ എ.ജെ. സാമുവൽ (86), ഭാര്യ കുഞ്ഞമ്മ സാമുവൽ (83), മകൻ ജോൺസൺ സാമുവൽ (61) എന്നിവരാണ് മഹാമാരിയിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയവർ.
കുടുംബത്തിൽ ആദ്യം രോഗലക്ഷണങ്ങൾ കണ്ടത് ജോൺസൺ സാമുവലിനായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായ ജോൺസണിന് മാർച്ച് അവസാനവാരം നേരിയ പനിയോടെയായിരുന്നു തുടക്കം. സാധാരണ ജലദോഷത്തിനപ്പുറമൊന്നും അപ്പോൾ കരുതിയിരുന്നില്ല. ഡോക്ടറെ കണ്ട് മരുന്നുകഴിച്ചെങ്കിലും മാറിയില്ല. തുടർന്ന് ഏപ്രിൽ ഒന്നിന് അദ്ദേഹവും കുടുംബവും കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ഫലം പൊസിറ്റീവായിരുന്നു.
വന്ദന നഗർ പെന്തക്കോസ്ത് ചർച്ചിലെ പാസ്റ്ററായ സാമുവലിനും കുഞ്ഞമ്മക്കും ജോൺസണും പുറമെ ജോൺസന്‍റെ ഭാര്യ ഷോബിയും (56) മകൻ ഫിൽമോൻ ജോൺസണും (24) കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. മെഡിക്കൽ സ്റ്റാഫായ ഫിൽമോൻ കഴിഞ്ഞ വർഷം കോവിഡ് ബാധിതനായിരുന്നു. പിന്നീട് ഇയാൾ വാക്സിൻ എടുക്കുകയും ചെയ്തു. പരിശോധനയിൽ ഫിൽമോൻ മാത്രമാണ് നെഗറ്റീവായത്.
'ഓരോരുത്തരെയായി ഞങ്ങൾ ആശുപത്രിയിലെത്തിച്ചുകൊണ്ടിരുന്നു. കുഞ്ഞമ്മ വളരെ മനക്കരുത്തുള്ള സ്ത്രീയായിരുന്നു. തെന്റ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങണമെന്നും ഇടക്കിടെ അവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.'- ജോൺസന്‍റെ ഭാര്യാസഹോദരൻ ടൈറ്റസ് സാമുവൽ 'ഇന്ത്യൻ എക്സ്പ്രസി'നോട് പറഞ്ഞു. മൂന്നുപേരുടെ ചികിത്സക്കുമായി 16 ലക്ഷത്തോളം രൂപ ചെലവായെന്നും ടൈറ്റസ് വ്യക്തമാക്കി. ജോൺസന്‍റെ ഭാര്യ ഷോബി വീട്ടിൽ ഐസൊലേഷനിലായിരുന്നു. 13 ദിവസത്തിനുശേഷമാണ് അവർ നെഗറ്റീവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.