വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി എത്തിയ മലയാളി യാത്രക്കാരെ ബാവലിയിൽ തടഞ്ഞു
text_fieldsബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനത്തിെൻറ രണ്ടാം തരംഗം സ്ഥിരീകരിച്ചതോടെ അതിർത്തികളിൽ കർശന പരിശോധനയുമായി കർണാടക. ബാവലി ചെക്ക്പോസ്റ്റിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായെത്തിയ യാത്രക്കാരെ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന എച്ച്.ഡി കോെട്ടയിലെ ആരോഗ്യ -റവന്യു അധികൃതർ മടക്കി.
ആർ.ടി- പി.സി.ആർ സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയവരെയാണ് കർണാടകയിലേക്ക് പ്രവേശിപ്പിക്കാതെ കർശന താക്കീത് നൽകി തിരിച്ചയച്ചതെന്ന് അധികൃതർ പറഞ്ഞു. കോവിഡ് സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ പരിശോധനക്കായി കൊണ്ടുപോവാൻ അതിർത്തിയിൽ ഒരു ആംബുലൻസും സജ്ജമാക്കിയിരുന്നു. ശനിയാഴ്ച മാത്രം 384 പേരെയാണ് പരിശോധിച്ചത്. ഇതിൽ മൂന്നുപേർക്ക് കോവിഡ് പോസിറ്റിവായി. രണ്ടുപേരെ ൈമസൂരു ജില്ല ആശുപത്രിയിലും ഒരാളെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എച്ച്.ഡി കോെട്ട താലൂക്ക് ആരോഗ്യ ഒാഫിസർ ഡോ. രവികുമാർ, ഹുൻസൂർ അസി. കമീഷണർ വീണ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കേരളത്തിൽനിന്ന് കോവിഡ് സർട്ടിഫിക്കറ്റില്ലാതെ എത്തുന്നവരെ കർശനമായി തടയുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിൽ കുടക് അതിർത്തിയിലും സമാന സംഭവം അരങ്ങേറിയിരുന്നു. ആർ.ടി.പി.സി.ആർ ടെസ്റ്റിന് ചെലവ് കൂടുതലായതിനാൽ മറ്റാരുടെയെങ്കിലും സർട്ടിഫിക്കറ്റ് തിരുത്തി പലരും അതിർത്തി കടക്കുന്നതായി പരാതിയുയർന്നിരുന്നു. ദക്ഷിണ കന്നടയിലെ തലപ്പാടിയിലും കുടകിലും പരിശോധന കർശനമാക്കിയപ്പോഴും വയനാട് ബാവലിയിലും മൂലഹോളെയിലും കാര്യമായ പരിശോധനയുണ്ടായിരുന്നില്ല. വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.