ഖരഗ്പുർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
text_fieldsകൊൽക്കത്ത: മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഏവൂർ സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രീമിയർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി മൂന്നാംവർഷ വിദ്യാർഥിയാണ് ദേവിക. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖരഗ്പൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
ഇത് ആത്മഹത്യയാണോ മറ്റെന്തെങ്കിലും കേസാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച രാവിലെ സരോജിനി നായിഡു-ഇന്ദിരാഗാന്ധി ഹോസ്റ്റൽ പരിസരത്ത് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബയോസയൻസ് ആൻഡ് ബയോടെക്നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴിൽ സമ്മർ ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ദുരൂഹ സാഹചര്യത്തിൽ മരണം സംഭവിക്കുന്നത്.
സംഭവം നടന്ന ഉടനെ കാമ്പസ് സെക്യൂരിറ്റിയും മെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥിനിയുടെ ബന്ധുക്കൾ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആത്മഹത്യക്ക് തക്കതായ യാതൊരു പ്രശ്നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്പ് ലൈൻ നമ്പർ-1056, 0471-2552056
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.