ബ്രിട്ടീഷ് സൈന്യത്തിൽ എച്ച്.ആർ സ്പെഷ്യലിസ്റ്റായി മലയാളി
text_fieldsതിരുവനന്തപുരം: മലയാളികൾക്കിത് അഭിമാന നിമിഷം. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ അജൂറ്റന്റ് ജനറൽസ് കോർപ്‌സി(എ.ജി.സി)ൽ എച്ച്.ആർ സ്പെഷ്യലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട് തിരുവനന്തപുരം സ്വദേശി രാജീവ് നായർ.
തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയായ രാജീവ് പരിശീലനത്തിന് ശേഷം ബ്രിട്ടീഷ് സെെന്യത്തിൽ പ്രത്യേക അന്വേഷണ വിഭാഗത്തിലും പ്രവർത്തിക്കും.
'ഇത് സ്വപ്നപൂർത്തീകരണമാണ്. ബ്രിട്ടീഷ് സൈന്യത്തിൽ ജോലിക്കായി വർഷങ്ങളായി ശ്രമിക്കുകയായിരുന്നു. 12 തവണ റിക്രൂട്ട്മെൻ്റ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. കഴിഞ്ഞവർഷമാണ് എല്ലാ പരീക്ഷയിലും വിജയിക്കാനായത്' - രാജീവ് നായർ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'നോട് പറഞ്ഞു.
പട്ടം സെന്റ് മേരീസ്, നാലാഞ്ചിറ സെന്റ് ജോൺസ് ഹയർ സെക്കണ്ടറി എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം 2009ലാണ് സ്റ്റുഡന്റ് വിസയിൽ രാജീവ് യു.കെ.യിലെത്തുന്നത്. ലണ്ടൻ സെന്റ് ആൻഡ്രൂസ് കോളജിൽനിന്ന് അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ്(എ.സി.സി.എ.) വിജയിച്ചു. വിവിധ ഓഫീസുകളിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യവേയാണ് ബ്രിട്ടീഷ് സൈന്യത്തിലേക്കുള്ള പരീക്ഷ പാസാകുന്നത്.
തിരുവനന്തപുരം പാൽക്കുളങ്ങര വേങ്കെടുത്ത് വീട്ടിൽ രാജശേഖരൻ നായരുടെയും ലൈലയുടെയും മകനാണ്. ഭാര്യ ഐശ്വര്യയും മകൻ ഇഷാനും രാജീവിനൊപ്പം ലണ്ടനിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.