തമിഴകത്തിൽ മലയാളി വോട്ടുകൾ നിർണായകം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈയിലും അതിർത്തി ജില്ലകളായ കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ, ഇടുക്കി ജില്ലകളിലും മലയാളി വോട്ടുകൾ നിർണായകം.
ജോലി ആവശ്യങ്ങൾക്കും മറ്റുമായി കുടിയേറിയ ആയിരക്കണക്കിനാളുകൾക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ട്. പല കുടുംബങ്ങൾക്കും കേരളത്തിലും തമിഴ്നാട്ടിലും ഇരട്ടവോട്ടുണ്ടെങ്കിലും ഇരു സംസ്ഥാനങ്ങളിലും ഒരേ ദിവസം വോെട്ടടുപ്പ് നടക്കുന്നതിനാൽ ഇത്തവണ വോട്ട് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ പറയുന്നത്.
സംസ്ഥാനാതിർത്തി പ്രദേശങ്ങളിലായാണ് ഇരട്ടവോട്ടുകൾ കൂടുതലായി കണ്ടെത്തിയത്. പ്രശ്നം പരിഹരിക്കുന്നതിെൻറ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇരട്ടവോട്ടുള്ള ഭൂരിഭാഗംപേരും ഇതിൽനിന്ന് വിട്ടുനിന്നതായാണ് പറയപ്പെടുന്നത്.
മറ്റ് ആവശ്യങ്ങൾക്ക് വിലപ്പെട്ട രേഖയായി പ്രയോജനപ്പെടുമെന്നതിനാൽ വോട്ടർ തിരിച്ചറിയൽ കാർഡ് സറണ്ടർ ചെയ്യാൻ പലരും വിമുഖത കാണിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിലവിൽ 6.29 കോടി വോട്ടർമാരുണ്ട്. ഇതിൽ നാലു ശതമാനത്തോളം മലയാളി വോട്ടുകളാണ്.
25 ലക്ഷത്തോളം വരുന്ന മലയാളി വോട്ടുകളിൽ ഭൂരിഭാഗവും ചെന്നൈയിലും കോയമ്പത്തൂരിലുമാണ്. തിരുപ്പൂർ ബനിയൻ വ്യവസായ മേഖലയിൽ മാത്രം ഒന്നര ലക്ഷത്തിലധികം മലയാളികളാണ് താമസിക്കുന്നത്.
തമിഴ്നാട്ടിലുള്ള മിക്ക മലയാളി കുടുംബങ്ങൾക്കും റേഷൻ കാർഡും വോട്ടും ഇവിടെയാണ്. ഇതുകാരണം തമിഴകത്തിലെ സ്ഥാനാർഥികളും നേതാക്കളും മലയാളികൾ കൂടുതലായി വസിക്കുന്ന സ്ഥലങ്ങളിലെത്തി പിന്തുണ ഉറപ്പിക്കുന്നു. ഇതിനായി മലയാളി സംഘടന ഭാരവാഹികളെയും ഇവർ കാണാറുണ്ട്.
എം.ജി.ആറിെൻറ കാലയളവിൽ അണ്ണാ ഡി.എം.കെയോടാണ് പ്രവാസി മലയാളികൾക്ക് പൊതുവേ താൽപര്യമുണ്ടായിരുന്നത്. കേരളത്തിൽ കോൺഗ്രസ്, ബി.ജെ.പി, ഇടതു പാർട്ടികളാണ് മുഖ്യകക്ഷികളെങ്കിലും തമിഴകത്തിലെ മലയാളികൾക്ക് അവരുടെ സ്വന്തം പാർട്ടികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ല.
മിക്ക മണ്ഡലങ്ങളിലും ദ്രാവിഡ കക്ഷികളാവും മത്സരരംഗത്തുണ്ടാവുക. പ്രവാസി മലയാളികളിൽ നല്ല ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.