ഗഗൻയാൻ യാത്രയിൽ മലയാളിയും?
text_fieldsതിരുവനന്തപുരം: ബഹിരാകാശ രംഗത്ത് ‘സൂപ്പര്‍ പവര്‍’ ആകാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ യാത്രയിൽ മലയാളിയും. യാത്രാ പരിശീലനം നടത്തുന്ന നാലുപേരിൽ ഒരാൾ മലയാളിയായ വ്യോമസേന സ്ക്വാഡ്രണ്‍ ലീഡറെന്നാണ് വിവരം. ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ യാത്രികരുടെ പേര് പ്രഖ്യാപിക്കും. യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗന്യാന് ദൗത്യം 2025ലാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുത്ത നാലു വ്യോമസേന പൈലറ്റുമാരെ 2019ൽ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്ററിൽ പരിശീലനത്തിന് അയച്ചിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്.ഒയും ബംഗളൂരുവിൽ പരിശീലനം നല്കിവരുകയാണ്.
ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ എത്തുന്ന പ്രധാനമന്ത്രി വി.എസ്.എസ്.സി സന്ദര്‍ശിച്ച് ഗഗന്യാന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. റോക്കറ്റുകളുടെ സഞ്ചാരത്തിൽ വിവിധ വേഗങ്ങളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്ന ട്രൈസോണിക് വിൻഡ് ടണലിന്റെയും തമിഴ്നാട്ടിലെ മഹേന്ദ്രഗിരി ഐ.പി.ആർ.സിയിൽ ഐ.എസ്.ആർ.ഒ തയാറാക്കിയ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് സൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ സമാപന സമ്മേളനം രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അര ലക്ഷം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. റോഡ് ഷോ ഉണ്ടാകില്ല. ഒരു മണിക്കൂറാണ് സമ്മേളനത്തിൽ അദ്ദേഹം ചെലവിടുക. മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളടക്കം പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.