സാകിർ നായികിനെതിരെ തെളിവ് നൽകാൻ ഇന്ത്യയോട് അൻവർ ഇബ്രാഹീം: ‘അദ്ദേഹം ഇന്ത്യക്കും മലേഷ്യക്കുമെതിരെ ഒന്നും സംസാരിച്ചിട്ടില്ല, തെളിവുകൾ തുറന്ന മനസ്സോടെ സ്വീകരിക്കും’
text_fieldsന്യൂഡൽഹി: സാകിർ നായികിനെ മലേഷ്യയിൽനിന്ന് നാടുകടത്താൻ പര്യാപ്തമായ തെളിവുണ്ടെങ്കിൽ കൈമാറണമെന്ന് ഇന്ത്യ സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം ആവശ്യപ്പെട്ടു. സാകിർ നായിക് ഇന്ത്യക്കും മലേഷ്യക്കുമെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുകയോ സുരക്ഷക്ക് ഭീഷണിയാകുകയോ ചെയ്യാത്തിടത്തോളം കാലം അദ്ദേഹത്തെ നാടുകടത്തില്ലെന്നും അൻവർ ഇബ്രാഹീം കൂടിച്ചേർത്തു. അതേസമയം, ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഇന്ത്യക്കും നേരിടേണ്ടതുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സാകിർ നായികിനെ നിയമപരമായി നാടുകടത്താൻ കൊണ്ടുവരുന്ന ഏതൊരു തെളിവിനെയും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്ന് ന്യൂഡൽഹിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ വേൾഡ് അഫയേഴ്സിൽ അൻവർ ഇബ്രാഹീം ചോദ്യത്തിന് മറുപടി നൽകി.
2016ൽ തന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) ഇന്ത്യയിൽ നിരോധിച്ചപ്പോഴാണ് മുംബൈയിൽ ജനിച്ച സാകിർ നായിക് മലേഷ്യയിൽ അഭയം തേടിയത്. 2018ൽ മലേഷ്യ സാകിർ നായികിന് അഭയം നൽകുകയും ചെയ്തു. ഭീകര പ്രവർത്തനം, വിദ്വേഷ പ്രസംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സാകിർ നായികിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇത്തവണത്തെ സന്ദർശനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇത്തരമൊരു ആവശ്യമുന്നയിച്ചില്ലെന്നും ഏതാനും വർഷം മുമ്പ് മോദി ആവശ്യപ്പെട്ടിരുന്നുവെന്നും അൻവർ പറഞ്ഞു.
ന്യൂനപക്ഷങ്ങളെയും മതവികാരങ്ങളെയും ബാധിക്കുന്ന ചില ഗൗരവ വിഷയങ്ങളെ ഇന്ത്യക്കും നേരിടാനുണ്ടെന്ന് അൻവർ ഇബ്രാഹീം പറഞ്ഞു. മലേഷ്യയെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് അധികാരമുള്ളത് പോലെ ഇന്ത്യയിലെ മത, വംശന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ മലേഷ്യക്കും ആശങ്കയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യ അതിന്റെ ശരിയായ പങ്ക് നിർവഹിക്കുമെന്നാണ് പ്രതീക്ഷ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും സംഘർഷം കുറച്ച് സമാധാനവും സുരക്ഷയും കൊണ്ടുവരികയാണ് ആവശ്യമെന്നും അൻവർ പറഞ്ഞു. മ്യാന്മറിൽനിന്നുള്ള രണ്ട് ലക്ഷം റോഹിങ്ക്യൻ അഭയാർഥികളെ സംരക്ഷിക്കേണ്ട സ്ഥിതിയിലാണ് മലേഷ്യയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സന്ദർശനത്തിന്റെ മൂന്നാം ദിവസം മലേഷ്യൻ പ്രധാനമന്ത്രി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധി കുടുംബവുമായി നേരത്തെ തന്നെ അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി അൻവർ ഇബ്രാഹിം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.