മാർച്ച് 15ന് മുമ്പ് ഇന്ത്യൻ സൈന്യം രാജ്യം വിടണം; അന്ത്യശാസനവുമായി മാലദ്വീപ്
text_fieldsമാലെ: ചൈന സന്ദർശനത്തിനു പിന്നാലെ ഇന്ത്യക്കെതിരായ നീക്കം കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികർ മാർച്ച് 15നകം മടങ്ങിപ്പോകണമെന്ന് മുയിസു ഒൗദ്യോഗികമായി ആവശ്യപ്പെട്ടതായി പ്രസിഡന്റിന്റെ ഓഫിസിലെ പൊതു നയ സെക്രട്ടറി അബ്ദുല്ല നസീം ഇബ്രാഹിം പറഞ്ഞു. ഇന്ത്യൻ സൈന്യം മാലദ്വീപിൽ തുടരരുതെന്നാണ് പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും നയമെന്ന് അബ്ദുല്ല നസീം ഇബ്രാഹിമിനെ ഉദ്ധരിച്ച് ‘സൺ ഓൺലൈൻ’ പത്രം റിപ്പോർട്ട് ചെയ്തു.
സൈനികരെ പിൻവലിക്കുന്ന വിഷയത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ ഉന്നതതല സമിതി യോഗം ഞായറാഴ്ച രാവിലെ മാലെയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്നു. ഇതിൽ മാർച്ച് 15 എന്ന സമയപരിധി സർക്കാർ മുന്നോട്ടുവെച്ചു. ഇന്ത്യൻ ഹൈകമീഷണർ മുനു മഹാവർ യോഗത്തിൽ പങ്കെടുത്തു. കടലിലെ സുരക്ഷക്കും ദുരന്തനിവാരണപ്രവർത്തനങ്ങൾക്കും വേണ്ടിയാണ് മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തെ സജ്ജമാക്കിയത്.
ഇന്ത്യയുമായി രസത്തിലല്ലാത്ത പ്രസിഡന്റ് മുയിസുവിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണ് സൈനികരെ പിൻവലിക്കുന്നതിൽ സമയപരിധി നിശ്ചയിച്ചത്. ‘ഇന്ത്യ പുറത്ത്’ എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞമാസം ദുബൈയിൽ നടന്ന കോപ് 28 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും മുയിസുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തർക്കവിഷയങ്ങൾ ചർച്ചചെയ്യാൻ കോർ ഗ്രൂപ്പിന് രൂപം നൽകാൻ തീരുമാനിച്ചത്. മാലദ്വീപ് ജനതക്ക് മാനുഷിക, ആതുര സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യൻ സേനയുടെ പ്രവർത്തനം തുടരുന്ന കാര്യത്തിൽ പരസ്പര ധാരണയോടെയുള്ള പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ഇരു ഭാഗവും ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതുൾപ്പെടെ വിവിധ തലങ്ങളിലുള്ള ചർച്ചകളും നടന്നു. ഉന്നതതല കോർ ഗ്രൂപ്പിെന്റ അടുത്ത യോഗം സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യയിൽവെച്ച് നടത്താനും തീരുമാനിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് മൂന്ന് മാലദ്വീപ് മന്ത്രിമാർക്ക് സ്ഥാനംപോയ വിവാദത്തിനു പിന്നാലെയാണ് സൈന്യത്തെ പിൻവലിക്കാനുള്ള ഒൗദ്യോഗിക നിർദേശം. ചൈനയുമായി അടുത്തബന്ധം സ്ഥാപിക്കാനൊരുങ്ങുന്ന പ്രസിഡന്റ് മുയിസു കഴിഞ്ഞ ദിവസമാണ് ബെയ്ജിങ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഇന്ത്യൻ സൈനികരെ പിൻവലിപ്പിച്ച ശേഷം ചൈനക്ക് മേഖലയിൽ സാന്നിധ്യവും സ്വാധീനവുമുറപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയുമായി മാലദ്വീപിലെ മുൻ സർക്കാറുകൾ ഒപ്പുവെച്ച നൂറിലധികം ഉഭയകക്ഷി കരാറുകൾ റദ്ദാക്കാനും മുയിസു ഭരണകൂടം നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.