ഇന്ത്യ നൽകിയ വിമാനത്തിന് മാലദ്വീപ് പ്രസിഡന്റ് അനുമതി നിഷേധിച്ചെന്ന്; ചികിത്സ കിട്ടാതെ 14കാരൻ മരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യ നൽകിയ ഡോർണിയർ വിമാനം എയർലിഫ്റ്റിനായി ഉപയോഗിക്കാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപിൽ 14 വയസുള്ള ആൺകുട്ടി മരിച്ചു. ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിയെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 16 മണിക്കൂറിനുശേഷമാണ് എയർ ആംബുലൻസിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് മസ്തിഷ്കാഘാതം ഉണ്ടായ ഉടൻ തന്നെ തങ്ങൾ ഐലൻഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവർ മറുപടി നൽകിയില്ലെന്നും വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അവർ ഫോൺ എടുത്തതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാൽ അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.
പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ആശുപത്രിയിലും പുറത്തും വ്യാപക പ്രതിഷേധമാണ് നടന്നത്. കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റത് മുതൽ ഇന്ത്യയുമായി മാലദ്വീപ് അകൽച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപ് പിൻവലിക്കണമെന്ന് മാലദ്വീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.