യു.പിയിൽ കോവിഡ് സെന്‍ററായിരുന്ന സ്കൂളിൽ അസ്ഥികൂടം; കോവിഡ് രോഗിയുടേതാകാമെന്ന് അധികൃതർ
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ കോവിഡ് നിരീക്ഷണ കേന്ദ്രമായിരുന്ന സ്കൂളിലെ ക്ലാസ്മുറിയിൽ അസ്ഥികൂടം. വാരണാസിയിൽ കോവിഡ് 19 രോഗികളുടെ ചികിത്സ കേന്ദ്രമായിരുന്ന സ്കൂളിൽനിന്നാണ് പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തിയത്.
സ്കൂൾ അധികൃതർ ക്ലാസ്മുറികൾ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലോക്ഡൗണിന് ശേഷം സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച വൃത്തിയാക്കാൻ എത്തിയതായിരുന്നു അധികൃതർ. ബെഞ്ചിനടിയിൽ നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു അസ്ഥികൂടം.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജെ.പി മെഹ്ത ഇന്‍റർ കോളജ് സർക്കാറിന്‍റെ കോവിഡ് നിരീക്ഷണ കേന്ദ്രമാക്കി മാറ്റിയിരുന്നു. പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടത്തെ അന്തേവാസികളിൽ കൂടുതലും.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവുമെത്തി സ്ഥലത്ത് പരിശോധന നടത്തി. ക്ലാസ്മുറിയിലെ അസ്ഥികൂടത്തിന്റെ ചിത്രങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാളുടെ അസ്ഥികൂടമായിരിക്കാം ഇപ്പോൾ കണ്ടെത്തിയതെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ലോക്ഡൗണിൽ അടച്ചിട്ടതിനെ തുടർന്ന് സ്കൂളിൽ കാടും മറ്റും വളർന്നിരുന്നു. പൊടിയും രൂക്ഷമായിരുന്നു. കോവിഡ് സെന്‍റർ മാറ്റിയതിന് ശേഷവും ശുചീകരിച്ചിരുന്നില്ല. വൃത്തിയാക്കാനായി തുറന്ന ക്ലാസ്മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
വളരെ പഴക്കം ചെന്ന മൃതദേഹമായതിനാൽ തിരിച്ചറിയാൻ പ്രയാസമാണെന്നും ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധന നടത്തുമെന്നും പൊലീസ് ഇൻസ്പെക്ടർ രാകേഷ് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.