മാലേഗാവ് കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി
text_fieldsമുംബൈ: ഭോപ്പാൽ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂർ അടക്കം സന്യാസിമാരും സൈനികരും പ്രതികളായ 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ ഒരു പ്രോസിക്യൂഷൻ സാക്ഷി കൂടി കൂറുമാറി. ഇതോടെ, ഇതുവരെ വിസ്തരിച്ച 226 സാക്ഷികളിൽ കൂറുമാറിയ വരുടെ എണ്ണം 17 ആയി.
2008 ൽ നിയമവിരുദ്ധമായി തന്നെ കസ്റ്റഡിയിലെടുത്ത മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ് ) ദേഹോപദ്രവമേൽപ്പിച്ചും ഭീഷണിപ്പെടുത്തിയും ആർ.എസ്.എസ് നേതാക്കളുടെ പേര് പറയിപ്പിക്കുകയായിരുന്നുവെന്ന് സാക്ഷി പ്രത്യേക എൻ.ഐ.എ കോടതിയിൽ ആരോപിച്ചു. എന്നാൽ, ഇയാൾ എ.ടി.എസിനു നൽകിയ മൊഴിയിൽ ആർ.എസ്.എസ് നേതാക്കളുടെ പേരുകളില്ല. എ.ടി.എസ് കസ്റ്റഡിയിൽ തന്റെ ചെവിക്ക് പരിക്കേറ്റതായും സാക്ഷി കോടതിയിൽ ആരോപിച്ചു. അന്നത് പരാതിപ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. ഭയംമൂലം പരാതിപ്പെട്ടില്ലെന്നായിരുന്നു മറുപടി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം അഞ്ച് ആർ.എസ്.എസ് നേതാക്കളുടെ പേരുകൾ സമ്മർദ്ദം ചെലുത്തി എ.ടി.എസ് പറയിപ്പിച്ചതായി മറ്റൊരു സാക്ഷി ഒരു മാസം മുമ്പ് കോടതിയിൽ ആരോപിച്ചിരുന്നു.
2011 വരേ എ.ടി.എസ് അന്വേഷിച്ചിരുന്ന കേസ് നിലവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ( എൻ.ഐ.എ ) കൈയിലാണ്. എൻ.ഐ.എ കേസ് ഏറ്റെടുത്തതിനു ശേഷം പ്രതികൾക്കെതിരെ എ.ടി.എസ് ചുമത്തിയ മകൊക നിയമം പിൻവലിച്ചിരുന്നു. കേസിൽ എ.ടി.എസ് സമർപ്പിച്ച രേഖകൾ കാണാതെയുമായി. എൻ.ഐ.എ കേസേറ്റെടുത്ത ശേഷമാണ് സാക്ഷികളുടെ കൂറുമാറ്റം.
സാക്ഷികൾ നിരന്തരം കൂറു മാറുന്നത് കണക്കിലെടുത്ത് വിചാരണ നടപടികൾക്ക് കോടതിയിൽ എ.ടി.എസ് ഉദ്യോഗസ്ഥരെ അയക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ കോടതിയിൽ അപേക്ഷ നൽകിയിട്ടില്ല. ഇതിനിടയിൽ നേരത്തെ കേസ് അന്വേഷിച്ച എടിഎസ് ഉദ്യോഗസ്ഥരിൽ ചിലർ കോടതിയിലെത്തിയെങ്കിലും പ്രതിഭാഗം അഭിഭാഷകരുടെ എതിർപ്പിനെതുടർന്ന് തിരിച്ചു പോകേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.