മാലേഗാവ് സ്ഫോടനം: ഒരു സാക്ഷികൂടി കൂറുമാറി
text_fieldsമുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. മഹാരാഷ്ട്രയിലെ മാലേഗാവിൽ 2008ൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നാല് ആർ.എസ്.എസ് നേതാക്കൾക്കുമെതിരെ മൊഴി നൽകാൻ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) നിർബന്ധിച്ചതായി കേസിലെ ഒരു സാക്ഷി പ്രത്യേക എൻ.ഐ.എ കോടതിയിൽ മൊഴി നൽകി.
എ.ടി.എസിനെതിരെ ആരോപണം ഉന്നയിക്കുകയും മൊഴി മാറ്റിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. 220 സാക്ഷികളെ വിസ്തരിച്ച കേസിൽ ഇതിനകം 15 പേരാണ് കൂറുമാറിയത്. തീവ്ര ഹിന്ദുത്വ സംഘടന നേതാവും നിലവിൽ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകുർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് തുടങ്ങി എട്ടുപേരാണ് പ്രതികൾ. അന്വേഷണ ചുമതലയുണ്ടായിരുന്ന മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങും മറ്റൊരു ഉദ്യോഗസ്ഥനുമാണ് യോഗിയുടെയും മറ്റും പേരുപറയാൻ നിർബന്ധിച്ചതെന്നാണ് ഇയാളുടെ മൊഴി.
ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കുന്നതിനുമുമ്പ് എ.ടി.എസ് രേഖപ്പെടുത്തിയ മൊഴിയാണ് സാക്ഷി ഇപ്പോൾ തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.