നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി
text_fieldsമുംബൈ: രാവിലെ എഴുന്നേൽക്കാൻ വയ്യെന്ന് മാലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂർ. മാലേഗാവ് സ്ഫോടനക്കേസ് പ്രതികളുടെ വാദം കേൾക്കൽ നടക്കുന്ന മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ തിങ്കളാഴ്ച രണ്ട് മണിക്കൂർ വൈകിയാണ് പ്രഗ്യ എത്തിയത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ആരോഗ്യപ്രശ്‌നങ്ങൾകാരണം അതിരാവിലെ എഴുന്നേൽക്കാൻ കഴിയില്ലെന്ന് ബി.ജെ.പി എം.പി കോടതിയെ അറിയിച്ചത്.
പ്രഗ്യക്ക് സുഖമില്ലെന്നും കോടതിയിൽ വാദം കേൾക്കാൻ വൈകുമെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 1.30 വരെ ഹാജരാകാത്തതിനെ തുടർന്ന് കോടതി അമർഷം പ്രകടിപ്പിച്ചു. ഉടൻ ഹാജരാകണമെന്നും അല്ലെങ്കിൽ അവർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 2 മണിക്ക് കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ ഒരുങ്ങവേ പ്രഗ്യ കോടതിയിൽ എത്തുകയായിരുന്നു.
മറ്റുപ്രതികൾ ഹാജരായി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഏഴ് പ്രതികളിൽ ഒരാളായ പ്രഗ്യ എത്തിയത്. തുടർന്ന് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
പ്രഗ്യ സിങ്, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ (റിട്ട) രമേഷ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ചതുർ വേദി, സമീർ കുൽക്കർണി എന്നീ ആറ് പ്രതികളാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്. മറ്റൊരുപ്രതിയായ സുധാകർ ദ്വിവേദി ഹാജരായിരുന്നില്ല. മതപരമായ ആചാരങ്ങൾ കാരണമാണ് ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇയാൾക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചു.
ഒക്ടോബർ മൂന്നാം തീയതി എല്ലാ പ്രതികളും രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രത്യേക കോടതി നിർദേശിച്ചു. എന്നാൽ, ദൂരെ നിന്ന് വരുന്നതിനാൽ സമയം രാവിലെ 11 മണി ആക്കണമെന്നും ട്രെയിൻ വൈകിയാൽ തങ്ങൾക്ക് കൃത്യസമയത്ത് കോടതിയിൽ എത്താൻ സാധിക്കില്ലെന്നും പ്രതികളിലൊരാളായ റിട്ട.മേജർ രമേഷ് ഉപാധ്യായ കോടതിയോട് ആവശ്യപ്പെട്ടു.
സാക്ഷികൾ നൽകിയ മൊഴികളെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് അന്ന് രേഖപ്പെടുത്തും. മറുപടി തയ്യാറാക്കുന്നതിന് ചോദ്യങ്ങളുടെ പകർപ്പ് നേരത്തെ നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വെള്ളിയാഴ്ചക്കകം മറുപടി നൽകണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയപെരുന്നാൾ ആഘോഷത്തിനായി ജനങ്ങൾ ഒരുങ്ങുന്നതിനിടെ 2008 സെപ്റ്റംബർ 29 ന് രാത്രിയാണ് മാലേഗാവിലെ ഭിക്കു ചൗക്കിൽ ഭീകരാക്രമണമുണ്ടായത്. മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവിലെ പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിവെച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സേന (എ.ടി.എസ് ) ആണ് ഈ കേസ് ആദ്യം അന്വേഷിച്ചത്.
സ്ഫോടനം നടന്ന് മാസത്തിനകം കർക്കരെയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി. പ്രജ്ഞാസിങ്ങ് ഠാക്കൂറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് രൂപംനൽകിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് എ.ടി.എസിന്റെ കണ്ടെത്തൽ. എന്നാൽ, മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടു. ശേഷം കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ ഐ എ ) കൈമാറി. സ്ഫോടന കൂടിയാലോചനയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്നാണ് എൻ ഐ എ കോടതിയിൽ പറഞ്ഞത്.
2007ലെ മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് ട്രെയിന്‍, 2006, 2008 മാലേഗാവ് തുടങ്ങിയ സ്ഫോടനങ്ങള്‍ക്കു പിന്നിൽ ഹിന്ദുത്വ സംഘടനകളാണെന്ന മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര എ.ടി.എസും പിന്നീട് സി.ബി.ഐയും പ്രതികളാക്കിയ ഒമ്പതു മുസ്ലിം യുവാക്കളെ 37 പേര്‍ മരിച്ച 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍നിന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി പിന്നീട് കുറ്റമുക്തരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.