മാലേഗാവ് കേസ് : മകോക ഒഴിവാക്കിയതോടെ കുറ്റസമ്മത മൊഴികള്‍ അസാധുവാകും
text_fieldsമുംബൈ: മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ഒഴിവാക്കിയതോടെ 2008ലെ മാലേഗാവ് സ്ഫോടന കേസ് പ്രതികളുടെ കുറ്റസമ്മത മൊഴികള്‍ അസാധുവാകും. മകോക നിയമത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു മുമ്പാകെ പ്രതിക്ക് കുറ്റസമ്മതം നടത്താം. അത് കോടതിയില്‍ സ്വീകാര്യമാണ്. 2011ല്‍ എന്‍.ഐ.എക്ക് കൈമാറുന്നതുവരെ കേസ് കൈകാര്യം ചെയ്ത മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) പ്രതികളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതും പ്രധാന കുറ്റങ്ങള്‍ ചുമത്തിയതും മകോക പ്രകാരമാണ്. മകോക ഒഴിവാക്കിയതോടെ പ്രതികള്‍ മജിസ്ട്രേറ്റിനു മുമ്പാകെ നടത്തിയ കുറ്റസമ്മത മൊഴികള്ക്കേ കോടതിയില്‍ സ്വീകാര്യതയുള്ളൂ.
മകോക ചുമത്തുന്നതില്‍ എ.ടി.എസിന് വീഴ്ചപറ്റിയെന്നാണ് പ്രത്യേക എന്‍.ഐ.എ കോടതി നിരീക്ഷിച്ചത്. സംഘടിത കുറ്റകൃത്യമാവുകയും പ്രതികളില്‍ ഒരാൾക്കെതിരെ മുമ്പ് രണ്ടു കേസുകള്‍ ഉണ്ടാവുകയും വേണമെന്നാണ് ചട്ടം. മാലേഗാവ് സ്ഫോടന കേസ് പ്രതികളില്‍ രാകേഷ് ധാവ്ഡെക്ക് എതിരെ മാത്രമാണ് രണ്ടു കേസുകള്‍ വേറെ ഉണ്ടായിരുന്നത്. എന്നാല്‍, അതാകട്ടെ മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റിലായ ശേഷമാണ് വെളിപ്പെടുന്നത്.
2002ലെ ജല്‍ന, 2003 പര്‍ഭണി സ്ഫോടനങ്ങളായിരുന്നു അവ. ഈ കേസുകളില്‍ ഇയാൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് മാലേഗാവ് കേസില്‍ മകോക ചുമത്തുന്നത്. 2012ല്‍ രാകേഷ് അടക്കം ജല്‍ന, പര്‍ഭണി സ്ഫോടന കേസുകളിലെ പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. അഭിനവ് ഭാരത് എന്ന സംഘടനക്കു കീഴില്‍ സംഘടിത കുറ്റകൃത്യമായാണ് കേസ്. എന്നാല്‍, അഭിനവ് ഭാരത് രൂപവത്കരിക്കപ്പെടും മുമ്പാണ് (2009) ജല്‍ന, പര്‍ഭണി സ്ഫോടനങ്ങള്‍ നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രാകേഷിന് എതിരെ ആയുധ നിയമ പ്രകാരം മാത്രമാണ് കുറ്റം ചുമത്തിയത്.
മുഖ്യപ്രതികളായ സാധ്വി പ്രഞ്ജ സിങ് ഠാകുര്‍, സന്യാസി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് തുടങ്ങിയവര്‍ക്ക് എതിരെ യു.എ.പി.എ നിയമ പ്രകാരം സ്ഫോടന ഗൂഢാലോചന, ഭീകരപ്രവൃത്തിയില്‍ ഏര്‍പ്പെടല്‍ കുറ്റങ്ങളാണ് മകോക വകുപ്പുകള്‍ തള്ളിയ കോടതി ചുമത്തിയത്. ഐ.പി.സി പ്രകാരം കൊലപാതകം, കൊലപാതക ശ്രമം എന്നിവയും ചുമത്തി.
മകോക ഒഴിവാക്കിയത് വലിയ ആശ്വാസമായാണ് പ്രതിഭാഗം അഭിഭാഷകര്‍ കാണുന്നത്. യു.എ.പി.എ ചട്ടപ്രകാരം സര്‍ക്കാര്‍ അനുമതിയോടെ അല്ല ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി അപ്പീലിന് പോകാനാണ് പ്രതിഭാഗത്തിെൻറ നീക്കം. മകോക നീക്കിയതോടെ കേസ് ദുര്‍ബലമായെന്ന അഭിപ്രായമാണ് മുമ്പ് അന്വേഷിച്ച ഉദ്യോസ്ഥര്‍ പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.