സാംസ്കാരിക പ്രവർത്തകർക്കെതിരായ രാജ്യദ്രോഹ കേസുമായി മുന്നോട്ടില്ലെന്ന് ബിഹാർ പൊലീസ്
text_fieldsപട്ന: ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ ബിഹാർ പൊലീസ്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് പരാതിക്കാരനെതിരെ കേസെടുക്കും.
അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, ശ്യാം ബെനഗൽ, അപർണ സെൻ തുടങ്ങി 49 പ്രമുഖ വ്യക്തികൾക്കെതിരെയാണ് ബിഹാർ പൊലീസ് രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സുധീർ ഓജ എന്ന അഭിഭാഷകനാണ് സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. കത്ത് രാജ്യത്തിെൻറ പ്രതിച്ഛായ മോശമാക്കിയെന്നും പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ അപകീർത്തിപ്പെടുത്തിയെന്നുമായിരുന്നു ഇയാളുടെ പരാതി.
പൊതുജന ശ്രദ്ധനേടാൻ മാത്രമായിരുന്നു പരാതിയെന്ന് പൊലീസ് പറയുന്നു. കേസ് അവസാനിപ്പിക്കുകയാണെന്നു കാണിച്ച് അടുത്ത ദിവസംതന്നെ കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് വക്താവ് അറിയിച്ചു. സമൂഹത്തിന് ദ്രോഹം ചെയ്യല്, മതവികാരം വ്രണപ്പെടുത്തൽ, സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവശ്രമം തുടങ്ങിയ കുറ്റങ്ങളാണ് കത്തെഴുതിയ സാംസ്കാരിക പ്രവർത്തകർക്കെതിരായ എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് ആഗസ്റ്റ് 20ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി പ്രധാനമന്ത്രിക്കെതിരായ കത്തിൽ ഒപ്പുവെച്ചവർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.
ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്നും രാമെൻറ പേരിലുള്ള കൊലയും അക്രമ പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടാണ് പ്രമുഖർ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. മുസ് ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. അതിക്രമങ്ങൾ അവസാനിക്കുന്നില്ല. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.