ദിസനായകെയെ അഭിനന്ദിച്ച് കോൺഗ്രസ്; ‘ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ’
text_fieldsന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടത് നേതാവ് അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അനുര കുമാര ദിസനായകെയെ കോൺഗ്രസിന്‍റെ പേരിൽ ഹൃദയംഗമായ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഖാർഗെ എക്സിൽ കുറിച്ചു.
'ഇന്ത്യക്കും ശ്രീലങ്കക്കും നൂറ്റാണ്ടുകൾ പഴക്കമുള്ള ബഹുമുഖ സഹകരണത്തിന്‍റെയും ആശയ വിനിമയത്തിന്‍റെയും സമ്പന്നമായ പാരമ്പര്യമുണ്ട്. മേഖലയുടെ ഉന്നമനത്തിനായി നമ്മുടെ ബന്ധങ്ങളും മൂല്യങ്ങളും ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ' -ഖാർഗെ എക്സിൽ കുറിച്ചു.
ജനത വിമുക്തി പെരമുന (ജെ.വി.പി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് നേടിയത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ, നിലവിലെ പ്രസിഡന്‍് റനിൽ വിക്രമസിംഗെ എന്നിവരാണ് ദിസനായകെക്ക് മുമ്പിൽ അടിപതറിയത്.
കൊളംബോയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു ഇടത് നേതാവായ ദിസനായകെ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത ദിസനായകെ, സിംഹളരും തമിഴരും മുസ്‍ലിംകളുമടക്കം എല്ലാ ശ്രീലങ്കക്കാരും പുതിയൊരു തുടക്കത്തിനായി ഒരുമിച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രീലങ്ക അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് 290 കോടി ഡോളർ വായ്പയെടുത്തത് റദ്ദാക്കില്ലെന്നും എന്നാൽ, നിബന്ധനകളിൽ ഇളവുവരുത്താൻ വിലപേശൽ നടത്തുമെന്നും ഇടതുമുന്നണിയായ പീപ്ൾസ് ലിബറേഷൻ ഫ്രണ്ട് പോളിറ്റ് ബ്യൂറോ അംഗം ബിമൽ രത്നായകെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.