സ്വാതി മലിവാൾ കേസ്: ബിഭവ് കുമാറിനെതിരെ 500 പേജുള്ള കുറ്റപത്രം, കസ്റ്റഡി നീട്ടി
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.പി സ്വാതി മലിവാളിനു നേരെ അതിക്രമം നടത്തിയെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പഴ്സനൽ സ്റ്റാഫ് ബിഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗൗരവ് ഗോയലിനാണ് കുറ്റപത്രം നൽകിയത്. ബിഭവ് കുമാറിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി.
അൻപതോളം പേരുടെ സാക്ഷിമൊഴി ഉൾപ്പെടുന്നതാണ് കുറ്റപത്രം. വധശ്രമം, തെളിവുനശിപ്പിക്കൽ, സ്ത്രീയുടെ അന്തസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ ബലപ്രയോഗം നടത്തൽ, മോശം പദപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കെജ്രിവാളിന്‍റെ ഔദ്യോഗിക വസതിയിലെ വിഡിയോ റെക്കോഡർ, ബിഭവ് കുമാറിന്‍റെ മൊബൈൽ ഫോൺ എന്നിവയുൾപ്പെടെ തെളിവായി നൽകിയിട്ടുണ്ട്.
എ.എ.പി എം.പി മേയ് 13ന് മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് അതിക്രമത്തിന് ഇരയായെന്നാണ് കേസ്. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ മേയ് 16നാണ് കേസ് രജിസ്റ്റർ ചെയ്തത്. മേയ് 16ന് ബിഭവിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഡി.സി.പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വെള്ളിയാഴ്ച ഡൽഹി ഹൈകോടതി ബിഭവിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസ് വീണ്ടും 30ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.