'ജനാധിപത്യത്തെ സംരക്ഷിക്കാൻ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണം'-മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ നാമെല്ലാവരും ഒന്നിക്കണമെന്ന് ഖാർഗെ പറഞ്ഞു. 17ലധികം പാർട്ടികളുടെ പിന്തുണ യശ്വന്ത് സിൻഹക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി, ശരദ് പവാർ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുല്ല എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ പത്രിക സമർപ്പണത്തിന് മുമ്പ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനും ടി.ആർ.എസ് നേതാവുമായ കെ.ടി രാമറാവുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പാർലമെന്റ് സമുച്ചയത്തിനുള്ളിലെ പ്രതിമകളിൽ മഹാത്മാഗാന്ധിക്കും ബി.ആർ അംബേദ്കറിനും സിൻഹ പുഷ്പാർച്ചന നടത്തി. വാജ്‌പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയുമായിരുന്ന സിൻഹയെ ജൂൺ 21ന് നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് രാഷ്ട്രപതി സ്ഥനാർഥിയായി പ്രഖ്യാപിച്ചത്. ജൂലൈ 18 നാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.