അവസാന സമ്മേളനത്തിൽ മോദിയെ ഇരുത്തി ഖാർഗെയുടെ കടന്നാക്രമണം
text_fieldsന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യസഭയിൽ ഇരുത്തി പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കടന്നാക്രമിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു ഖാർഗെയുടെ കടന്നാക്രമണം.
സംവരണ വിഭാഗങ്ങൾക്കെതിരായ മാനസികാവസ്ഥ വെച്ചുപുലർത്തുന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെയും ബ്രാഹ്മണനെ സേവിക്കുകയാണ് മറ്റു വിഭാഗങ്ങളുടെ കർത്തവ്യമെന്ന് പറഞ്ഞ ബി.ജെ.പി മുഖ്യമന്ത്രിയെയും മോദി അംഗീകരിക്കുന്നതെങ്ങിനെയാണെന്ന് ഖാർഗെ ചോദിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുണ്ടായിരുന്ന ആർ.എസ്.എസ് തലവൻമോഹൻ ഭഗവത് സംവരണം പുനരാലോചിക്കണമെന്നാണ് പറഞ്ഞത്. മോഹൻ ഭഗവത് സന്യാസിയാണോ എന്ന് തനിക്കറിയില്ലെന്ന് പരിഹസിച്ച ഖാർഗെ ഏതായാലും യു.ജി.സി ഇപ്പോൾ സംവരണമില്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് തുടർന്നു.
ബ്രാഹ്മണനെ സേവിക്കുകയാണ് മറ്റു വിഭാഗങ്ങളുടെ കർത്തവ്യമെന്ന് പറഞ്ഞത് ഒരു ബി.ജെ.പി മുഖ്യമന്ത്രിയാണ്. ഈ മാനസികാവസ്ഥയിലുള്ളവർ അധികാര സ്ഥാനത്തിരുത്തിയാൽ എങ്ങിനെ ദുർബല കീഴാള വിഭാഗങ്ങൾ രക്ഷപ്പെടുമെന്ന് ഖാർഗെ ചോദിച്ചു. സാമൂഹിക നീതിയെ കുറിച്ച് സംസാരിക്കുന്ന മോദി സ്വന്തം മുഖ്യമന്ത്രിയെ വിളിച്ച് ഇക്കാര്യം ചോദിക്കണം. ദുർബല സംവരണ വിഭാഗങ്ങൾക്ക് തൊഴിലിന് അനിവാര്യമായ പൊതുമേഖലയെ ഇല്ലാതാക്കുന്നു. രാജ്യത്തിന് ഏറ്റവും പ്രയോജനം പൊതുമേഖലയായിട്ടും സ്വകാര്യ മേഖലയെയാണ് ശക്തിപ്പെടുത്തുന്നത്. സ്വകാര്യമേഖലക്ക് വേണ്ടതെല്ലം സർക്കാർ നൽകുന്നു. നമ്മുടെ ബാങ്കിലെ പൈസയും നമ്മുടെ വൈദ്യുതിയുമെടുത്ത് പാവങ്ങൾക്ക് ഒന്നും നൽകുന്നില്ല. പൊതുമേഖല ദരിദ്രർക്കും രാജ്യത്തിനും നല്ലതാണ്. അതിനെ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കണം.
പഠിപ്പും വിവരമുള്ളവർക്ക് രാജ്യത്ത് ജോലിയൊന്നും കിട്ടുന്നില്ല. എന്നിട്ടും അതേ കുറിച്ച് ഒന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിലില്ല. സാധനങ്ങളുടെ വില ഇരട്ടിയായിട്ടും വിലക്കയറ്റത്തെ കുറിച്ച് മിണ്ടിയില്ല. ഇന്ത്യയിൽ തൊഴിലില്ലാതെ ജീവിക്കുന്നതിലും നല്ലത് ഇസ്രായേലിൽ പോയി മരിക്കുകയാണെന്ന് ഇന്ത്യക്കാർ പറയുന്നു. 30 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ഏതാനും ആയിരങ്ങൾക്ക് നിയമനം പ്രധാനമന്ത്രിയുടെ കൈയാൽ നൽകുന്നതിനെ ഖാർഗെ പരിഹസിച്ചു. വിശക്കുന്നവർ മോദിയുടെ പ്രസംഗം എങ്ങിനെ കേൾക്കുമെന്ന് ഖാർഗെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.