സ്വാതന്ത്ര്യ സമരകാലത്ത് മാപ്പുമായി നടന്നവർ രാജ്യത്തിനായി ജീവൻ നൽകിയോ?; ബി.ജെ.പിയെ വിടാതെ ഖാർഗെ
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിൽ മാപ്പ് ആവശ്യപ്പെട്ട് രാജ്യസഭ ബഹളമയമാക്കിയ ബി.ജെ.പി എം.പിമാർക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വാതന്ത്ര്യ സമര കാലത്ത് മാപ്പുപറഞ്ഞ് നടന്ന കൂട്ടർ സ്വാതന്ത്ര്യത്തിന് പോരാടിയവരോട് മാപ്പുപറയാൻ ആവശ്യപ്പെടുകയാണോ എന്ന് ഖാർഗെ ചോദിച്ചു.
ആൽവറിൽ രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാണ് ഞാൻ പറഞ്ഞത്. കോൺഗ്രസ് ഭാരത് തോഡോ (മുറിക്കാൻ) യാത്ര നടത്തുന്നുവെന്ന് ബി.ജെ.പി പറഞ്ഞതിന് മറുപടിയാണ് താൻ നൽകിയത്. കോൺഗ്രസ് എപ്പോഴും ഭാരതത്തെ യോജിപ്പിച്ചുനിർത്തുകയാണ് ചെയ്യുന്നത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും തങ്ങളുടെ ജീവൻ നൽകി.
ബി.ജെ.പിക്കാർ രാജ്യത്തിനായി ജീവൻ നൽകട്ടെ എന്നാണ് പറഞ്ഞത്. എന്താ, അത് സത്യമല്ലേ? നിങ്ങളിലാരെങ്കിലും രാജ്യത്തെ രക്ഷിക്കാൻ ജീവൻ നൽകിയോ? നിങ്ങളെന്താണ് ഈ രാജ്യത്തിനായി ചെയ്തത്? താനിത് നിരന്തരം പറയുന്നതാണെന്നും ഇതെങ്ങനെയാണ് അൺപാർലമെന്ററി ആകുകയെന്നും ഖാർഗെ ചോദിച്ചു.
മാപ്പുപറയേണ്ടത് സ്വാതന്ത്ര്യ സമരകാലത്ത് മാപ്പുമായി നടന്നവരാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. പുറത്തുപറഞ്ഞത് സഭക്കുള്ളിൽ പറഞ്ഞാൽ ബി.ജെ.പിക്കാർക്ക് പ്രശ്നമാകുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മല്ലികാർജുൻ ഖാർഗെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. രാജ്യത്തിനായി ബി.ജെ.പിക്കാരുടെ വീട്ടിലെ പട്ടിയെങ്കിലും ചത്തിട്ടുണ്ടോ എന്ന് ഖാർഗെ ചോദിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് കോൺഗ്രസുകാർ അവരുടെ ജീവൻ നൽകി. കോൺഗ്രസ് നേതാക്കൾ രാജ്യത്തിനു വേണ്ടി അവരുടെ ജീവൻ നൽകി. ബി.ജെ.പി എന്താണ് നൽകിയത്? ആരെങ്കിലും ജീവൻ ബലി നൽകിയോ? രാജ്യത്തിനു വേണ്ടി ബി.ജെ.പിക്കാരുടെ വീട്ടിലെ പട്ടിയെങ്കിലും ചത്തിട്ടുണ്ടോ? ഇല്ല, എന്നിട്ടും അവർ ദേശഭക്തർ, നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ദേശദ്രോഹി. പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കും. എന്നാൽ, അവരുടെ നീക്കം നിങ്ങൾ നോക്കിയാൽ എലിയെപ്പോലെയാണ്. -ഖാർഗെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.