ഖാർഗെ: കർണാടകയിൽ നിന്നുള്ള ബുദ്ധവിശ്വാസി, സംഘ്പരിവാർ വിമർശകൻ
text_fieldsബംഗളൂരു: കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റായി മപണ്ണ മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് കർണാടകക്കും അഭിമാനനേട്ടം. എസ്. നിജലിംഗപ്പക്ക് ശേഷം സംസ്ഥാനത്ത് നിന്ന് ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെയാളാണ് ദലിത് നേതാവായ അദ്ദേഹം. കർണാടകയിലെ ബിദർ ജില്ലയിലെ ഭൽകി താലൂക്കിൽ വരവട്ടിയിൽ 1942 ജൂലൈ 21ന് പാവപ്പെട്ട കുടുംബത്തിൽ ജനനം. പിതാവ് മപണ്ണ ഖാർഗെ. മാതാവ് സാബവ്വ. ബുദ്ധമതത്തിന്‍റെ ആശയങ്ങളാണ് പിന്തുടരുന്നത്. ശാന്തശീലൻ, സൗമ്യമായ പെരുമാറ്റം. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയത്തിൽ ഇതുവരെ ആരോപണങ്ങളൊന്നും കേൾക്കേണ്ടി വന്നിട്ടില്ല. പാർട്ടിയിലെ വിഭാഗീയതയിലൊന്നും ഖാർഗെ എന്ന പേര് കേൾക്കാറുമില്ല. ബി.എ പഠനത്തിന് ശേഷം നിയമവും പഠിച്ച അദ്ദേഹം രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പേ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തു.
1969ൽ ഗുൽബർഗ സിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായാണ് രാഷ്ട്രീയപ്രവേശനം. 72ൽ നിയമസഭതെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചു. ഡി. ദേവരാജ് മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയുമായി. പിന്നീട് എട്ട് തവണ തുടർച്ചയായി കർണാടക നിയമസഭാംഗമായി. 1978, 90, 99 വർഷങ്ങളിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറുകളിൽ മന്ത്രിയായി. 96, 2008 വർഷങ്ങളിൽ നിയമസഭ പ്രതിപക്ഷനേതാവുമായി. 2005 മുതൽ മൂന്നുവർഷം കോൺഗ്രസ് സംസ്ഥാനപ്രസിഡന്‍റുമായി. 99ലും 2004ലും അദ്ദേഹത്തിന്‍റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിരുന്നു. 2009ൽ ലോക്സഭ എം.പി ആകുന്നതോടെയാണ് ദേശീയരാഷ്ട്രീയത്തിൽ സജീവമായത്. മൻമോഹൻ സിങിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിൽ മന്ത്രിയുമായി.
വിട്ടുവീഴ്ചയില്ലാത്ത സംഘ്പരിവാർ വിമർശകനാണ്. 2014ൽ കോൺഗ്രസ് തകർന്നടിഞ്ഞ് ലോക്സഭയിൽ 44 അംഗങ്ങൾ മാത്രമായി പാർട്ടി ചുരുങ്ങിയ കാലം. ഗുൽബർഗയിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെ കോൺഗ്രസിന്‍റെ ലോക്സഭ നേതാവായിരുന്നു. അന്ന് ഭരണകക്ഷിയായ ബി.ജെ.പിയുടെ മുഖത്ത് നോക്കി ഖാർഗെ നടത്തിയ പ്രസ്താവന ഏറെ പ്രസിദ്ധമായിരുന്നു. 'ഞങ്ങൾ 44 പേരെ ഉള്ളൂ. എന്നാൽ നൂറുകണക്കിന് കൗരവർക്ക് മുന്നിൽ പാണ്ഡവർ ഭയപ്പെടുന്ന പ്രശ്നമേ ഇല്ല'-മഹാഭാരതത്തെ അടിസ്ഥാനമാക്കി അദ്ദേഹം വെട്ടിത്തുറന്നുപറഞ്ഞു. പിന്നീടുള്ള അഞ്ചുവർഷം ഭരണകക്ഷിക്കെതിരെ മയമില്ലാത്ത പോരാട്ടമാണ് ഖാർഗെ ലോക്സഭയിൽ നടത്തിയത്. രണ്ടുതവണ കലബുറഗി മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധാനംചെയ്തു. പക്ഷേ, കഴിഞ്ഞതവണ തോൽവിയറിഞ്ഞു.
ഭാര്യ: രാധാഭായ്. രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ട്. അധികാരം നഷ്ടപ്പെട്ടെങ്കിലും കോൺഗ്രസിന് ഇപ്പോഴും വൻശക്തിയുള്ള കർണാടകയിലെ പാർട്ടിക്കും അദ്ദേഹത്തിന്‍റെ സ്ഥാനലബ്ധി കരുത്തുകൂട്ടും. അടുത്ത ഏപ്രിൽ-മേയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.