ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നീക്കം കോൺഗ്രസ് ഉപക്ഷേിച്ചു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം മരവിച്ചു. ദീപക് മിശ്രയെന്നല്ല, ഇന്ത്യൻ ചീഫ് ജസ്റ്റിസിനെതിരെ പാർലമെൻറിൽ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരുന്നത് നീതിപീഠത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്നതാണ് കാതലായ വിഷയം. സുപ്രീംകോടതി മുമ്പാകെ എത്തുന്ന ഹരജികൾ ഏതേത് ജഡ്ജിമാർ പരിഗണിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസ് ഉപയോഗിക്കുന്നതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് മുതിർന്ന ജഡ്ജിമാർ വാർത്തസേമ്മളനം നടത്തിയ പശ്ചാത്തലത്തിലാണ് ഇംപീച്ച്മെൻറ് പ്രമേയ നോട്ടീസ് നൽകാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയത്.
കേസ് വീതിച്ചുനൽകുന്നതിലെ അപാകത, സർക്കാറിെൻറ ഇടപെടലുകളിലേക്ക് വിരൽചൂണ്ടുന്നുവെന്നതിനാൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ ഇംപീച്ച്മെൻറ് പ്രമേയം വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യവും ഇംപീച്ച്മെൻറ് നീക്കത്തിനുപിന്നിൽ ഉണ്ടായിരുന്നു.
കപിൽ സിബലിെൻറയും മറ്റും നേതൃത്വത്തിൽ തുടങ്ങിയ ഇംപീച്ച്മെൻറ് പ്രമേയ നീക്കത്തെക്കുറിച്ച് കോൺഗ്രസിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. 60 ശതമാനം പേർ അനുകൂലമെങ്കിൽ, ബാക്കിയുള്ളവരുടെ ചിന്ത വ്യത്യസ്തമാണ്. പരമോന്നത നീതിപീഠത്തിലെ പരമോന്നതപദവി വഹിക്കുന്നയാളെ പുറത്താക്കാനുള്ള പ്രമേയം നീതിപീഠത്തിെൻറയും ജനാധിപത്യത്തിെൻറയും വിശ്വാസ്യത തകർക്കുമെന്നത് പരിഗണിക്കണമെന്നാണ് എതിർക്കുന്നവർ വാദിച്ചത്.
ഇംപീച്ച്മെൻറ് അങ്ങേയറ്റത്തെ നടപടിയാണ്. പാർലമെൻറ് നിയോഗിക്കുന്ന സമിതിക്കോ പാർലമെൻറിനു തന്നെയോ പരിശോധിച്ച് ബോധ്യപ്പെടാവുന്നതല്ല പരാതിയുടെ സ്വഭാവം. രേഖാപരമായ തെളിവുകൾക്ക് പ്രയാസം. പരാതി പരിശോധിക്കാൻ നിയോഗിക്കുന്ന സമിതി ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞാൽ, പരാതിക്കാരായ പ്രതിപക്ഷത്തിന് അത് തിരിച്ചടിയായി മാറും. രാജ്യസഭയിലെ അഭിഭാഷകപ്രമുഖരും വിഷമത്തിലാവും. പരിശോധിക്കാൻ നിയോഗിക്കപ്പെടുന്ന സമിതിയിലെ അംഗങ്ങൾ ചീഫ് ജസ്റ്റിസിെനക്കാൾ താഴെയുള്ളവരായിരിക്കും. നോട്ടീസ് സ്വീകരിച്ച് അന്വേഷണസമിതിയെ നിയോഗിച്ചാൽ, പദവിയിൽ നിന്ന് മാറിനിൽക്കാൻ ധാർമികമായി ചീഫ് ജസ്റ്റിസ് ബാധ്യസ്ഥനാവും.
ഇൗ വാദഗതികൾക്കിടയിൽതന്നെ, ഒപ്പുശേഖരണം മുന്നോട്ടുനീങ്ങി. രാജ്യസഭയിൽ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ 50 അംഗങ്ങളുടെ കൈയൊപ്പു വേണം. ഇതു കിട്ടുകയും ചെയ്തു. സി.പി.എമ്മും മറ്റ് ഇടതുപാർട്ടികളും ഇംപീച്ച്മെൻറ് പ്രമേയത്തിന് അനുകൂലമാണ്. എന്നാൽ, തൃണമൂൽ കോൺഗ്രസ് വിയോജിക്കുന്നു. ആദ്യം പിന്തുണ അറിയിച്ച ഡി.എം.കെയും പിന്മാറാനുള്ള താൽപര്യം പ്രകടിപ്പിച്ചു. സമാജ്വാദി പാർട്ടിയും പുനരാലോചനയിലാണ്. ഇൗ സാഹചര്യത്തിലാണ് നോട്ടീസ് നൽകുന്ന പ്രവർത്തനങ്ങൾ മുടന്തിയത്. സഭാസമ്മേളനം അവസാനിച്ച വെള്ളിയാഴ്ചയും നോട്ടീസ് നൽകിയിട്ടില്ല. സഭാസമ്മേളന കാലമല്ലെങ്കിലും ഇംപീച്ച്മെൻറ് നോട്ടീസ് നൽകുന്നതിന് തടസ്സമില്ല. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസ് അതിന് മുതിരാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.