അലോക് വർമ്മയെ നീക്കിയതിനെതിരെ മല്ലികാർജുൻ ഖാർഗെയും കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ അലോക് വർമക്ക് നിർബന്ധിത അവധി നൽകിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കോൺഗ്രസ് ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ സുപ്രീംകോടതിയിൽ. നിയമവിരുദ്ധവും സ്വേച്ഛാപരവുമാണ് സർക്കാർ നടപടിയെന്ന് ഹരജിയിൽ ആരോപിച്ചു. അലോക് വർമയുടെ അധികാരം എടുത്തുകളഞ്ഞ ഉത്തരവ് അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
സി.ബി.െഎ ഡയറക്ടർക്ക് രണ്ടു വർഷമാണ് പ്രവർത്തന കാലാവധി. സി.ബി.െഎ മേധാവിയെ മാറ്റുന്നതിന് നിയമന സമിതിയുടെ അംഗീകാരം വേണം. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ഇൗ സമിതിയിൽ അംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുമാണ് മറ്റു രണ്ട് അംഗങ്ങൾ. എന്നാൽ, സമിതിയിൽ അംഗമായ തന്നോട് കൂടിയാലോചന നടത്തിയിട്ടില്ല. അലോക് വർമയുടെ അധികാരം ഇല്ലാതാക്കുന്ന തീരുമാനവുമായി ബന്ധപ്പെട്ട ഒരു യോഗത്തിലും താൻ പെങ്കടുത്തിട്ടില്ല.
കൂടുതൽ പ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യത്തിൽ ഡയറക്ടറെ മാറ്റുന്നതിന് നിയമന സമിതിയുടെ അനുമതി ആവശ്യമാണെന്ന് ഖാർഗെ പറഞ്ഞു. കേന്ദ്ര വിജിലൻസ് കമീഷനും പേഴ്സനൽകാര്യ മന്ത്രാലയവും സി.ബി.െഎ ഡയറക്ടറുടെ അധികാരത്തിലും ചുമതലകളിലും ഇടപെടുന്നത് സി.ബി.െഎയുടെ പ്രവർത്തനത്തിലുള്ള കടന്നുകയറ്റമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യപ്രകാരമാണ് വിജിലൻസ് കമീഷനും പേഴ്സനൽ വകുപ്പും പ്രവർത്തിച്ചതെന്ന് കോൺഗ്രസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. റഫാൽ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താൻ അലോക് വർമ നീങ്ങുന്ന പശ്ചാത്തലത്തിലായിരുന്നു ഇൗ ഇടപെടലെന്നും കോൺഗ്രസ് ആരോപിക്കുന്നു. അലോക് വർമയേയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയേയും പാതിരാ അട്ടിമറിയിലൂടെയാണ് ചുമതലകളിൽനിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.