മോദി വിഷപ്പാമ്പെന്ന് ഖാർഗെ; ബി.ജെ.പി പ്രതിഷേധം കനപ്പിച്ചു, തിരുത്തി
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മലികാർജുൻ ഖാർഗെ. ‘മോദി വിഷപ്പാമ്പ്’ ആണെന്നായിരുന്നു ഖാർഗെയുടെ പരാമർശം. വിഷയത്തിൽ ബി.ജെ.പി പ്രതിഷേധം കനപ്പിച്ചതോടെ ഖാർഗെ പ്രസ്താവനയിൽ വ്യക്തത വരുത്തി. താൻ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പിയുടെ ആദർശത്തെയാണ് വിമർശനത്തിലൂടെ ലക്ഷ്യമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. കർണാടകയിൽ ഗദകിലെ റോണിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് വിവാദ പരാമർശം നടത്തിയത്. ‘മോദി വിഷപ്പാമ്പിനെ പോലെയാണ്. അതു വിഷമുള്ളതാണോ അല്ലയോ എന്ന് പരീക്ഷിക്കാൻ ശ്രമിക്കേണ്ട. അതു രുചിച്ചാൽ നിങ്ങൾ മരിക്കും.’- ഖാർഗെ പറഞ്ഞു.
മോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഖാർഗെയെയും കോൺഗ്രസിനെയും വിമർശിച്ച ബി.ജെ.പി, ഖാർഗെ മര്യാദ ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മോദിയെ പല പേരുകളിൽ വിളിക്കാൻ ഖാർഗെക്ക് പ്രത്യേക പ്രേരണയുണ്ടെന്ന് ബി.ജെ.പിയിൽ കർണാടക തെരഞ്ഞെടുപ്പ് ചുമതലവഹിക്കുന്ന കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
മോദിക്കെതിരെ മുമ്പ് കോൺഗ്രസ് നേതാക്കൾ നടത്തിയ ‘ദുര്യോധനൻ’, ചായ്വാല, ഭസ്മാസുരൻ, നുണശീലൻ, രാവണൻ തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹം ഓർമിപ്പിച്ചു.
വിമർശനമേറിയതോടെ തുടർച്ചയായ ട്വീറ്റുകളിൽ ഖാർഗെ പ്രതികരണവുമായി രംഗത്തുവന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ കുറിച്ചാണ് താൻ സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മറ്റു വ്യക്തികളെയോ ഉദ്ദേശിച്ചിട്ടില്ല. അവർ പ്രതിനിധാനം ചെയ്യുന്ന ആദർശത്തെയാണ് ലക്ഷ്യമിട്ടത്. ആരുടെയും വികാരത്തെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അറിഞ്ഞോ അറിയാതെയോ ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിച്ചെങ്കിൽ അതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്ന് ഖാർഗെ പറഞ്ഞു. കോൺഗ്രസിന്റെ പോരാട്ടം വ്യക്തിപരമല്ലെന്നും ആദർശപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.