മോദിയുടെ പ്രസംഗം കേൾക്കാൻ പോയില്ല; പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തി ഖാർഗെ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്ത ചടങ്ങിൽ നിന്ന് പ്രത്യേക ക്ഷണിതാവായ ഖാർഗെയുടെ വിട്ടുനിൽക്കൽ. എന്നാല്‍, ഡല്‍ഹിയിലെ വസതിയിലും എ.ഐ.സി.സി ആസ്ഥാനത്തും ദേശീയ പതാക ഉയര്‍ത്തിയ അദ്ദേഹം പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ വിമർശിച്ചു.
പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാൻ സർക്കാർ പലവിധ മാർഗങ്ങൾ സ്വീകരിച്ചുവരുകയാണെന്നും സി.ബി.ഐ, ഇ.ഡി എന്നിവയെ അതിനായി ദുരുപയോഗം ചെയ്യുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് പാർലമെന്‍റിൽ സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. അവരെ സസ്‌പെൻഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പു കമീഷനെ പോലും ദുർബലമാക്കുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും വിഡിയോ സന്ദേശത്തിൽ ഖാർഗെ പറഞ്ഞു.
നെഹ്റു മുതലുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെയും ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെയും സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുള്‍പ്പെടെ ഭീഷണിയിലാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. നേരത്തെ അവർ നല്ലദിനം (അച്ഛേ ദിൻ) വരുമെന്നും പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ) വരുമെന്നും പറഞ്ഞു. ഇപ്പോൾ അമൃത കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന് മറുപടിയായി ഖാർഗെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവർഷമായി മാത്രമേ രാജ്യത്ത് പുരോഗതിയുള്ളൂ എന്നുചിലർ പറയുന്നുണ്ട്. ഇന്ത്യയിൽ വികസനം പെട്ടെന്നുണ്ടായതല്ല. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്‍റെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ട്.
നിലവിലെ സർക്കാർ മുൻ പ്രധാനമന്ത്രിമാരുടെ പദ്ധതികൾ പുതിയ പേരിൽ അവതരിപ്പിക്കുകയാണ്. പരാജയം മറയ്ക്കാൻ അവർ പുതിയ പേരുകൾ നൽകുന്നു-ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.