ജനങ്ങൾ ജോലിക്കായി വീടുവീടാന്തരം കയറിയിറങ്ങുന്നു, പ്രധാനമന്ത്രി സംസ്ഥാനങ്ങൾ തോറും നടന്ന് കോൺഗ്രസിനെ കുറ്റം പറയുന്നു - മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങളിലെ ജനങ്ങൾ ജോലിക്കായി വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിച്ച് കോൺഗ്രസിനെ വിമർശിക്കുന്ന തിരക്കിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പരീക്ഷപേപ്പർ ചോർച്ച, അഴിമതി, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പരാമർശം.
പ്രധാനമന്ത്രിക്ക് കോൺഗ്രസിനെ എത്രവേണമെങ്കിലും വിമർശിക്കാമെന്നും എന്നാൽ പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കാൻ അദ്ദേഹത്തിന് അനുവാദമില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ) നിലനിൽക്കുമ്പോഴും രാജ്യത്തെ വിലക്കയറ്റവും ജോലിക്ക് കൂലിയില്ലാതാകുന്ന അവസ്ഥയും സാധാരണക്കാരനെ വീടുവീടാന്തരം കയറിയിറങ്ങി ജോലിക്കായി അപേക്ഷിക്കേണ്ട അവസ്ഥയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"സെപ്തംബറിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡിമാൻഡ് കഴിഞ്ഞ നാലു വർഷത്തിനിടെ 30 ശതമാനം വർധിച്ചു. ഇതിനായി എന്തെങ്കിലും ചെയ്യുന്നതിന് പകരം പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി കോൺഗ്രസിനെ കുറ്റം പറയുകയാണ്. 2023 ബജറ്റിൽ എം.ജി.എൻ.ആർ.ഇ.ജി.എക്ക് അനുവദിച്ച ബജറ്റിൽ നിന്നും 33 ശതമാനമാണ് മോദി സർക്കാർ വെട്ടിമാറ്റിയത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഫണ്ടും കുടിശ്ശികയാണ്. സാധാരണക്കാരായ ജനങ്ങൾ ഇതിനാൽ ദുരിതമനുഭവിക്കുകയാണ്"- ഖാർഗെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.