പാർലമെന്റ് സ്തംഭിപ്പിച്ച് ഭരണകക്ഷി; ജഡ്ജിയുടെ വീട്ടിലെ പണക്കൂമ്പാരം ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധതെറ്റിക്കുകയാണെന്ന് ഖാർഗെ
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ഭരണഘടന മാറ്റാൻ പോകുകയാണെന്ന് പറഞ്ഞ് മന്ത്രിമാരുടെ നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. മുസ്ലിം സംവരണത്തിനായി ഭരണഘടന മാറ്റുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞുവെന്ന് ആരോപിച്ചാണ് മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരൺ റിജിജു എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ ലോക്സഭയും രാജ്യസഭയും ബഹളംവെച്ച് സ്തംഭിപ്പിച്ചത്. കർണാടകയിൽ പിന്നാക്ക വിഭാഗത്തിനുള്ള സംവരണത്തിൽ മുസ്ലിംകളെ ഉൾപ്പെടുത്തുന്നത് എതിർക്കുന്ന ബി.ജെ.പി ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോൾ മുസ്ലിംകളെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന് മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ഡൽഹി ഹൈകോടതി ജഡ്ജിയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കിട്ടിയത് പാർലമെന്റിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ വ്യാജ ആരോപണമുന്നയിച്ച് ശ്രദ്ധതെറ്റിക്കുകയാണ് നഡ്ഡയും റിജിജുവുമെന്നും ഖാർഗെ കുറ്റപ്പെടുത്തി. വ്യാജ ആരോപണമുന്നയിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇരുവർക്കുമെതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
ബി.ജെ.പി എം.പിമാരുടെ ബഹളത്തിൽ രാജ്യസഭ ആദ്യം 12 മണിവരെ നിർത്തിവെച്ചു. വീണ്ടും സഭ ചേർന്നപ്പോൾ രാജ്യസഭയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻകൂടിയായ മന്ത്രി നഡ്ഡയാണ് മുസ്ലിം സംവരണത്തിനായി കോൺഗ്രസ് ഭരണഘടന മാറ്റുകയാണെന്ന് ആരോപിച്ചത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ പറഞ്ഞതാണിതെന്നും നഡ്ഡ അവകാശപ്പെട്ടതോടെ ബി.ജെ.പി എം.പിമാർ സഭ ഒരിക്കൽകൂടി സ്തംഭിപ്പിച്ചു. തുടർന്ന് സഭ രണ്ട് മണിവരെ നിർത്തിവെച്ച് വീണ്ടും തുടങ്ങിയപ്പോൾ നഡ്ഡ ആരോപണം ആവർത്തിച്ചു.
എന്നാൽ, ശിവകുമാർ പറയാത്ത കാര്യമാണ് നഡ്ഡ ആരോപിക്കുന്നതെന്ന് പറഞ്ഞ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആർ.എസ്.എസും ബി.ജെ.പിയുമാണ് ഭരണഘടന മാറ്റാൻ നോക്കുന്നതെന്നും അത് നടക്കില്ലെന്നും പറഞ്ഞു. വ്യാജ ആരോപണമുന്നയിച്ച നഡ്ഡ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ എഴുന്നേറ്റതോടെ ഭരണ- പ്രതിപക്ഷ എം.പിമാർ തമ്മിൽ മുദ്രാവാക്യം വിളികളായി.
ലോക്സഭയിൽ രാവിലെ 11 മണിക്ക് ബി.ജെ.പി എം.പിമാർ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റയുടൻതന്നെ സ്പീക്കർ ഓം ബിർള 12 മണിവരെ സഭ നിർത്തിവെച്ചു. തുടർന്ന് 12 മണിക്ക് സ്പീക്കർക്ക് പകരം ചെയറിലെത്തിയ ബി.ജെ.പി നേതാവ് ജഗദാംബികാ പാൽ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിനെ സംസാരിക്കാൻ വിളിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി അതും കൈയിലേന്തി നടക്കുമ്പോൾ മുസ്ലിംകൾക്ക് സംവരണം നൽകാൻ അംബേദ്കർ നൽകിയ ഭരണഘടന മാറ്റാനാണ് കോൺഗ്രസ് നീക്കമെന്ന് റിജിജു ആരോപിച്ചു.
1947ൽ മുസ്ലിം ലീഗ് മുസ്ലിം സംവരണ ആവശ്യമുന്നയിച്ചപ്പോൾ സർദാർ പട്ടേൽ അടക്കമുള്ളവർ ഭരണഘടനാ അസംബ്ലിയിൽ ഇതിനെ എതിർത്തതാണ്. മതാടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് വ്യക്തമാക്കിയതാണെന്നും അതിനാണ് ഇപ്പോൾ കോൺഗ്രസ് ഭരണഘടന മാറ്റുന്നതെന്നും റിജിജു ആരോപിച്ചു. തുടർന്ന് റിജിജുവിന്റെ ആരോപണത്തിന് മറുപടി പറയാൻ കോൺഗ്രസ് നേതാക്കളെ അനുവദിക്കാതെ സഭ രണ്ട് മണിവരെ നിർത്തിവെക്കുകയും ചെയ്തു.
നഡ്ഡക്കും റിജിജുവിനുമെതിരെ അവകാശലംഘന നോട്ടീസ്
ന്യൂഡൽഹി: കർണാടക സംവരണ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാജ്യസഭയിലുണ്ടായ ബഹളത്തിന് പിന്നാലെ സഭാനേതാവും ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡക്കും പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിനുമെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കോൺഗ്രസ്. നഡ്ഡയും കിരൺ റിജിജുവും സഭയെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചട്ടം 188 പ്രകാരം കോൺഗ്രസ് രാജ്യസഭ ചീഫ് വിപ്പ് ജയറാം രമേശാണ് രാജ്യസഭ ചെയർമാന് അവകാശ ലംഘന നോട്ടീസ് നൽകിയത്.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശമാണ് സഭയിൽ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു നടത്തിയത്. മുസ്ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം നൽകുന്നതിലൂടെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾ കോൺഗ്രസ് കവർന്നെടുക്കുകയാണെന്ന് ജെ.പി. നഡ്ഡ സഭയിൽ നടത്തിയ പരാമർശങ്ങൾ പൂർണമായും തെറ്റാണെന്നും അവകാശലംഘന നടപടി സീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.