‘എന്റെ സംസ്കാര ചടങ്ങിനെങ്കിലും നിങ്ങൾ വരൂ..’
text_fieldsബംഗളൂരു: തന്റെ തട്ടകമായ കലബുറഗിയിൽ വൈകാരിക പ്രസംഗവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ച കലബുറഗി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിക്കുവേണ്ടി ബുധനാഴ്ച അഫ്സൽപൂരിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെയാണ് ഖാർഗെയുടെ കണ്ഠമിടറിയത്. താൻ മണ്ഡലത്തിനുവേണ്ടി പ്രവർത്തിച്ചുവെന്ന് ബോധ്യമുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം നിങ്ങൾ എന്റെ സംസ്കാരത്തിനെങ്കിലും വരുക. മറിച്ചാണ് അഭിപ്രായമെങ്കിൽ, മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നിങ്ങൾ വോട്ടുചെയ്യേണ്ട.
ഇത്തവണ നിങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുന്നില്ലെങ്കിൽ, കലബുറഗിയിൽ എനിക്ക് സ്ഥാനമില്ലെന്നും നിങ്ങളുടെ ഹൃദയം കീഴടക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നും കരുതേണ്ടി വരും. കോൺഗ്രസിന് വോട്ടുചെയ്താലും ഇല്ലെങ്കിലും ഞാൻ കലബുറഗിക്കുവേണ്ടി എന്തെങ്കിലും ചെയ്തെന്ന് ബോധ്യമുണ്ടെങ്കിൽ എന്റെ സംസ്കാരത്തിനെങ്കിലും നിങ്ങൾ വരുക.’- 81 കാരനായ ഖാർഗെ പറഞ്ഞു. ഞാൻ രാഷ്ട്രീയത്തിൽ പിറന്നുവീണയാളാണ്. ഇനിയും രാഷ്ട്രീയത്തിൽ തുടരും. തന്റെ അവസാന ശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസ് ആദർശത്തിനും എതിരെ പൊരുതും. ഞാൻ അതിനുവേണ്ടി പിറന്നയാളാണ് -ഖാർഗെ കൂട്ടിച്ചേർത്തു. തന്റെ കൂടെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയോട്, ‘നിങ്ങൾ മുഖ്യമന്ത്രിയോ എം.എൽ.എയോ ആയി വിരമിച്ചാലും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആദർശത്തെ പരാജയപ്പെടുത്തും വരെ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കരുതെന്നും ഖാർഗെ ഉപദേശിച്ചു.
ബി.ജെപിയുടെ സിറ്റിങ് എം.പി ഉമേഷ് ജാദവിനെതിരെയാണ് ദൊഡ്ഡമണിയുടെ മത്സരം. 2019ൽ കർണാടകയിലെ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറിയ നേതാവാണ് ഉമേഷ് ജാദവ്. 2019ൽ ബി.ജെ.പി ടിക്കറ്റിൽ ഖാർഗെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട ഉമേഷ് ജാദവ് അട്ടിമറി ജയം നേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.