വിഷമകാലം; ഭയം വേണ്ട -ഖാർഗെ
text_fieldsന്യൂഡൽഹി: വിഷമം പിടിച്ച കാലമാണെങ്കിലും ഭയപ്പാടില്ലാതെ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടു പോകണമെന്ന ആഹ്വാനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് കൊണ്ടുവന്ന ജനാധിപത്യം മാറ്റിയെടുക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോഴത്തെ സർക്കാറിന് കീഴിൽ നുണയും വിദ്വേഷവും പരത്തുന്ന നിലവിലെ സംവിധാനം കോൺഗ്രസ് പൊളിക്കും -അദ്ദേഹം പറഞ്ഞു.
പുതിയ പദവി ഏറ്റെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ. യുവാക്കൾക്ക് തൊഴിൽ കിട്ടാത്ത, കർഷകർക്ക് മേൽ ജീപ്പ് കയറ്റുന്ന, വനിതകൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്ന, വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുന്ന സാഹചര്യങ്ങളാണ് മോദി സർക്കാറിന്റെ 'പുതിയ ഇന്ത്യ'യിലെന്ന് ഖാർഗെ പറഞ്ഞു. അത്തരം വിഷയങ്ങൾക്ക് നേരെ കണ്ണടക്കുകയും കോർപറേറ്റ് മുതലാളിത്തത്തെ പ്രീതിപ്പെടുത്തുകയുമാണ് സർക്കാർ. 'പുതിയ ഇന്ത്യ'യിൽ വിശപ്പ് വർധിക്കുന്നു. വിദ്യാഭ്യാസച്ചെലവ് കൂടുന്നു. മലിനീകരണം പെരുകുന്നു.
സർക്കാർ ഉറങ്ങുകയാണെങ്കിലും അടിച്ചമർത്താൻ ഇ.ഡിയും സി.ബി.ഐയുമെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ദലിതരും ന്യൂനപക്ഷങ്ങളുമെല്ലാം അപമാനിക്കപ്പെടുകയാണ്. അവസരങ്ങൾ അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. മഹാത്മഗാന്ധിയെ വഞ്ചകനും നാഥുറാം ഗോദ്സെയെ ദേശഭക്തനുമാക്കി മാറ്റിയെടുക്കുന്ന കാലമാണിത്. അംബേദ്കറുടെ ഭരണഘടനക്കു പകരം സംഘ്പരിവാർ ഭരണഘടന കൊണ്ടുവരാനാണ് ശ്രമം. ഇത്തരമൊരു 'പുതിയ ഇന്ത്യ' കോൺഗ്രസ് മുക്തമാകണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു. എന്നാൽ കോൺഗ്രസ് അതിന് അനുവദിക്കില്ല. ഭയപ്പാടില്ലാതെ കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടു നീങ്ങണം. തന്നെ സംബന്ധിച്ച് വൈകാരിക നിമിഷമാണിതെന്നും ഖാർഗെ പറഞ്ഞു. ഒരു സാധാരണ പ്രവർത്തകനെ പാർട്ടി അധ്യക്ഷനാക്കിയ കോൺഗ്രസിനോട് നന്ദിയുണ്ട്. കോൺഗ്രസിന്റെ ഭാരവാഹിസ്ഥാനങ്ങളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്കായി നീക്കിവെക്കുമെന്ന ഉദയ്പുർ നവസങ്കൽപ് ശിബിരത്തിലെ പ്രഖ്യാപനം നടപ്പാക്കും.
തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ നിർവഹണത്തിനും ചിന്താധാര ആശയഗതി രൂപപ്പെടുത്തുന്നതിനുമുള്ള പ്രത്യേക വിഭാഗങ്ങൾ തുടങ്ങും -കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.
വെല്ലുവിളി നേരിടും -സോണിയ
ന്യൂഡൽഹി: ഐക്യവും ശക്തിയും കൈമുതലാക്കി വെല്ലുവിളികൾ കോൺഗ്രസ് നേരിടുമെന്ന് പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗാന്ധി. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തിപ്പെടും. അനുഭവത്തഴക്കമുള്ള നേതാവാണ് പുതിയ കോൺഗ്രസ് പ്രസിഡന്റ്. കഠിനാധ്വാനം കൊണ്ടാണ് സാധാരണ പ്രവർത്തകനിൽ നിന്ന് ഉയരങ്ങളിലേക്ക് അദ്ദേഹം കടന്നു വന്നത്. മാറ്റം പ്രകൃതി നിയമമാണെന്നും സോണിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.