ജീവന് ഭീഷണി; മല്ലികാർജുൻ ഖാർഗെക്ക് ഇസഡ് പ്ലസ് സുരക്ഷ
text_fieldsന്യൂഡൽഹി: സുരക്ഷാ ഭീഷണിയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇസഡ് പ്ലസ് സുരക്ഷ. ഖാർഗെയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സി.ആർ.പി.എഫ് ആയിരിക്കും ഖാർഗെക്ക് സുരക്ഷയൊരുക്കുക.
എസ്.പി.ജിക്ക് ശേഷം ജീവന് ഗുരുതരഭീഷണി നിലനിൽക്കുന്ന വ്യക്തികൾക്ക് സർക്കാർ ഒരുക്കുന്ന സുരക്ഷയാണ് ഇസഡ് പ്ലസ്. 55 ഉദ്യോഗസ്ഥരും സി.ആർ.പി.എഫ് കമാൻഡോകളും 24 മണിക്കൂറും ഇവരുടെ സുരക്ഷക്കായി പ്രവർത്തിക്കും. ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഇസഡ് പ്ലസ് സുരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്.
2019വരെ ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷയൊരുക്കിയിരുന്നു. പിന്നീട് അത് ഇസഡ് പ്ലസ് ആക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്കും ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്നത് മൂനായിരം പേരടങ്ങുന്ന എസ്.പി.ജിയാണ്. പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, അവരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്ക് എസ്.പി.ജി സുരക്ഷയൊരുക്കണം. 1984ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷമാണ് എസ്,പി.ജി രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.