കോൺഗ്രസിന് പുതിയ രാജ്യസഭാ പ്രതിപക്ഷ നേതാവായില്ല, ഇരട്ടപ്പദവിയുമായി ഖാർഗെ തുടരുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തന്നെ വീണ്ടും വരുമെന്ന് റിപ്പോർട്ട്. പാർട്ടി ഇതുവരെയും അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നില്ലെങ്കിൽ അത് ഒരാൾക്ക് ഒറ്റപ്പദവി എന്ന പാർട്ടിയുടെ നയത്തിന് എതിരാകും. ഈ നയം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് നിർബന്ധിച്ചത്.
കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിന് മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കെ.സി. വേണുഗോപാൽ എന്നിവരെ മാത്രമാണ് സോണിയ ഗാന്ധി ക്ഷണിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിടുന്ന ദിഗ് വിജയ് സിങ്, പി. ചിദംബരം എന്നിവരെ യോഗത്തിന് ക്ഷണിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബം കണ്ടെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പുറത്തായത്. ഒരാൾക്ക് ഒറ്റപ്പദവി മാത്രം എന്ന രാഹുലിന്റെ കർശന നിർദേശമുണ്ടായപ്പോൾ ഗെഹ്ലോട്ടിനെ പിന്തുണക്കുന്ന എം.എൽ.എമാരെ നിരത്തി പകരം മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സചിൻ പൈലറ്റിനെതിരെ പ്രതിഷേധമുയർത്തുകയായിരുന്നു.
തുടർന്ന് ഗെഹ്ലോട്ടിനെ മാറ്റി ഖാർഗെയെ സ്ഥാനാർഥിയാക്കി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഖാർഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. എന്നാൽ ശീതകാല സമ്മേളനം കഴിയുന്നതു വരെയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹം തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.