ജാതി സെൻസെസ് നടത്തും; മഹാരാഷ്ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി മഹാവികാസ് അഖാഡി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി. ജാതി സെൻസെസ് നടത്തുമെന്നാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ട്.
ജാതി സെൻസെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്യും. തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുക. ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായവും ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.രാഹുൽ ഗാന്ധി ശൂന്യമായ ഭരണഘടനയാണ് കാണിച്ചതെന്ന മോദിയുടെ പ്രസ്താവനക്കെതിരെയും മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. നുണകളുടെ രാജാവാണ് മോദിയെന്ന് ഖാർഗെ പറഞ്ഞു.
അഞ്ച് വാഗ്ദാനങ്ങൾ ഉൾപ്പെടുന്നതാണ് മഹാവികാസ് അഖാഡിയുടെ പ്രകടന പത്രിക. കാർഷികമേഖല, ഗ്രാമീണ വികസന, നഗരവികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് മഹാവികാസ് അഖാഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. ഓരോ കുടുംബത്തിനും പ്രതിവർഷം മൂന്നര ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ഖാർഗെ പറഞ്ഞു.
എല്ലാ സ്ത്രീകൾക്കും പ്രതിമാസം 3000 രൂപ നൽകുന്ന മഹാലക്ഷ്മി യോജനയാണ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ടൊരു വാഗ്ദാനം. ലഡ്കി ബെഹ്ന യോജനയിലുടെ നിലവിലെ സർക്കാർ 1500 രൂപ നൽകുന്ന സ്ഥാനത്താണിത്. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസും കുടുംബങ്ങൾക്ക് ഉറപ്പാക്കുമെന്ന് പ്രകടനപത്രിക പറയുന്നു. മൂന്ന് ലക്ഷം രൂപ വരെയുടെ കാർഷിക വായ്പകൾ എഴുതിതള്ളുമെന്നും തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നും പ്രകടനപത്രിക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.