രാഹുലിന് നേരെ ബി.ജെ.പി പ്രവർത്തകർ പാഞ്ഞടുക്കുന്നു; സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അമിത് ഷാക്ക് ഖാർഗെയുടെ കത്ത്
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന അസമിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാവീഴ്ചയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഖാർഗെ കത്തെഴുതി.
രാഹുലിന്‍റെ വാഹനവ്യൂഹത്തിന്‍റെ സമീപത്തേക്ക് വരാൻ ബി.ജെ.പി പ്രവർത്തകർക്ക് അസം പൊലീസ് അനുവാദം നൽകി. രാഹുലിന്‍റെ സുരക്ഷാവലയം ഭേദിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രാഹുലിന്‍റെയും സംഘത്തിന്‍റെയും ശാരീരിക സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാവീഴ്ച ഉണ്ടായതിന്‍റെ തെളിവുകളെല്ലാം ലഭ്യമാണ്. എന്നാൽ, കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ അധികൃതർ ചെയ്തിട്ടില്ല. ഇത് തുടർ യാത്രയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുരക്ഷാവീഴ്ച ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആവശ്യമായ നിർദേശം നൽകണമെന്നും അമിത് ഷായോട് ഖാർഗെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിടുന്നത്. സോനിത്പുരിൽ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിനിടെയാണ് കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്.
യാത്രയെ അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടൽ. 25ഓളം പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധക്കാർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിയതോടെയാണ് ബി.ജെ.പി പ്രവർത്തകരെ നീക്കാൻ അസം പൊലീസ് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.