മല്യ കേസ്: ആർതർ ജയിൽ സെല്ലിന്‍റെ ദൃശ്യങ്ങൾ യു.കെ കോടതിയിൽ ഹാജരാക്കി
text_fieldsമുംബൈ: ആർതർ ജയിലിലെ സെല്ലുകൾ വൃത്തിഹീനമെന്ന മദ്യ വ്യവസായി വിജയ് മല്യയുടെ ആരോപണത്തിന് മറുപടിയുമായി സി.ബി.ഐ. മല്യയെ പാർപ്പിക്കാനായി തയാറാക്കിയ ആർതർ റോഡ് ജയിലിലെ 12ാം നമ്പർ സെല്ലിന്‍റെ ദൃശ്യങ്ങൾ ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ചു. ആർതർ ജയിൽ മനുഷ്യർക്ക് വാസയോഗ്യമല്ലെന്ന മല്യയുടെ വാദം പൊളിക്കാനാണ് 10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സി.ബി.ഐ അന്വേഷണ സംഘം ഹാജരാക്കിയത്.
സെല്ലിൽ സ്വഭാവിക വെളിച്ചം ലഭിക്കില്ലെന്നും ശുചിമുറി വൃത്തിഹീനമാണെന്നും വെസ്റ്റ്മിൻസ്റ്റർ കോടതിയിലാണ് മല്യ പരാതിപ്പെട്ടത്. അതിനാൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന വാദവും മല്യ ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ജഡ്ജി എമ്മ അർബത്നോട്ട് മല്യയുടെ പരാതിയിൽ ഇന്ത്യൻ അധികൃതരോട് വിശദീകരണം തേടിയത്. നേരത്തെ, വാദം കേൾക്കവെ സെല്ലിന്‍റെ ചിത്രങ്ങൾ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. എന്നാൽ, സ്വഭാവിക വെളിച്ചം മുറിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മല്യയുടെ അഭിഭാഷകൻ ചിത്രം നിരസിച്ചു. മല്യക്കെതിരായ കേസ് സെപ്റ്റംബർ 12ന് വീണ്ടും വാദം കേൾക്കും.
9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാതെ 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടർന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർട്യം നിയമനടപടികളുമായി മുന്നോട്ടു വരുകയും ബ്രിട്ടനിലെ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തന്റെ ആസ്തികൾ മരവിപ്പിച്ച ഇന്ത്യൻ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നൽകിയ ഹരജി ലണ്ടനിലെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
മല്യയെ ബ്രിട്ടൻ കൈമാറുകയാണെങ്കിൽ ആർതർ ജയിലിലെ 12ാം നമ്പർ സെല്ലിൽ താമസിപ്പിക്കാനാണ് ഇന്ത്യൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.