'ഞാനൊരു ഹിന്ദുവാണ്, അതിന് ബി.ജെ.പിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല' -മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിൽ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പി നിയമസഭാംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്പോര്. താനൊരു ഹിന്ദുവാണ്, അതിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മമത പറഞ്ഞു.
മുസ്ലിം എം.എൽ.എമാർക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് മമത മറുപടി നൽകിയതിന് പിന്നാലെയാണ് വാക്പോര് ആരംഭിച്ചത്. തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സർക്കാർ ഹിന്ദു വിരുദ്ധരാണെന്നും പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ടി.എം.സിയിലെ മുസ്ലിം എം.എൽ.എമാരെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാമർശം.
മുസ്ലിങ്ങൾ വിജയിച്ചാൽ നിങ്ങൾ അവരെ നിയമസഭയിൽ നിന്ന് പുറത്താക്കുമെന്ന് എങ്ങനെ പറയാൻ കഴിയും? ജനസംഖ്യയുടെ 33 ശതമാനം പേരെ എങ്ങനെയാണ് അവർക്ക് പിരിച്ചുവിടാൻ കഴിയുക? മതത്തിന്‍റെ പേരിൽ ആളുകളെ വിഭജിക്കുന്നതിനോട് ശക്തമായി എതിർക്കുന്നുവെന്നും മമത വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാനത്തേക്ക് 'വ്യാജ ഹിന്ദുമതം' ഇറക്കുമതി ചെയ്യുന്നുവെന്ന് മമത ആരോപിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ മുസ്‌ലിം സമുദായത്തെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് മമത കൂട്ടിച്ചേർത്തു.
'വർഗീയ പ്രസ്താവനകൾ നടത്തുന്നതിലൂടെ സാമ്പത്തിക, വ്യാപാര തകർച്ചയിൽ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഞാനൊരു ഹിന്ദുവാണ്, അതിന് എനിക്ക് ബി.ജെ.പിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല'- മമത വ്യക്തമാക്കി.
ഇന്ത്യൻ ജനാധിപത്യം പരമാധികാരം, മതേതരത്വം, ബഹുസ്വരത എന്നിവയിൽ അതിഷ്ഠിതമാണെന്നും രാജ്യത്തെ പൗരന്മാർക്ക് അവരവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്നും മമത ബാനർജി വ്യക്തമാക്കി. മമതയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും സഭയിൽ ബഹളമുണ്ടാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.